ആര്യനാട്: മലയോരമേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരംഭിച്ച ആര്യനാട് ഡിപ്പോയിൽ ഇപ്പോൾ നാഥനില്ലാക്കളരിയായി. ഡിപ്പോയുടെ വികസനം ഇപ്പോഴും തുടങ്ങിയ സ്ഥലത്ത് തന്നെ നിൽക്കുകയാണ്. യാത്രക്കാർക്കോ ജീവനക്കാർക്കോ എന്തെങ്കിലും പറയണമെങ്കിൽ ഉത്തരവാദിത്വമുള്ളവർ ഡിപ്പോയിൽ ഇല്ല. യൂണിറ്റ് ഓഫീസറായി ഒരു ഇൻസ്പെക്ടർ ഉണ്ടെങ്കിലും അദ്ദേഹം ചീഫ് ഓഫീസിലെ ടൈം ടേബിൾ സെൽ ഐ.സി കൂടിയാണ്.പ്രവൃത്തി ദിവസങ്ങളിലെല്ലാം അദ്ദേഹം ചീഫ് ഓഫീസിൽ പോകും.ഡിപ്പോയിലെ ജീവനക്കാർക്ക് ഒരു അപേക്ഷ നൽകുന്നതിനോ ഫോറങ്ങൾ ഒപ്പിടുന്നതിനോ വെള്ളനാട്ടേക്ക് പോകേണ്ടി വരുന്നു.അക്ഷരാർത്ഥത്തിൽ ആര്യനാട് ഡിപ്പോയിൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.

ആകെ ഒരു വെഹിക്കിൾ സൂപ്പർവൈസറുണ്ടായിരുന്നത് ജൂലൈ 31 ന് പെൻഷൻ പറ്റി.

ഷണ്ടിംഗ് ഡ്യൂട്ടിയിലുള്ള ജീവനക്കാരൻ വെഹിക്കിൾ സൂപ്പർ വൈസറുടെ അധിക ജോലി കൂടി ചെയ്യണം.

ഡിപ്പോയിലെ ഗ്രൗണ്ട് പൊട്ടിപൊളിഞ്ഞിട്ട് മാസങ്ങളായി. ഇതിന്റെ അറ്റകുറ്റ പണിചെയ്ത് ഗ്രൗണ്ട് വൃത്തിയാക്കാൻ ആരും മിനക്കെടുന്നുമില്ല.

എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാവുന്ന കെട്ടിടത്തിന് താഴെയാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാർ നിൽക്കുന്നത്.കഴിഞ്ഞ മഴയത്ത് കോൺക്രീറ്റ് പാളികൾ ഇളകി വീണിരുന്നു.ഈ സമയത്ത് ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ഡിപ്പോയിൽ പകൽ സമയത്തിപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥനില്ല.രോഗബാധിതനായ ഒരു സ്ഥിരം ജീവനക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണ് രാത്രി ഡ്യൂട്ടിയ്ക്കുള്ളത്. അദ്ദേഹത്തിന് ചികിത്സയ്ക്ക് പോകാൻ ലീവ് നൽകുന്നില്ലെന്ന പരാതിയുമുണ്ട്.
മുൻപ് ഡിപ്പോയിൽ എ.ടി.ഒ ഉണ്ടായിരുന്നു. രണ്ട് സ്റ്റേഷൻ മാസ്റ്റർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്.സ്റ്റേഷൻ മാസ്റ്ററുടെ കുറവ് കാരണം ഇൻസ്പെക്ടർമാരാണ് എസ്.എം ഡ്യൂട്ടിയും ചെയ്യുന്നത്.

ഇ.ടി.എമ്മിന്റെ തകരാറുകൾ പരിഹരിക്കാത്തത് കാരണം കണ്ടക്ടർമാരിലധികവും പഴയ ടിക്കറ്റ് റാക്കാണ് ഇപ്പോൾ കൊണ്ട് പോകുന്നത്.ഡിപ്പോയിൽ ഒരു ക്യാന്റീനോ, ലഘുഭക്ഷണശാലയോ ഇല്ല. മഴക്കാലമായാൽ ചോർന്നൊലിക്കുന്ന വർക്ക്ഷോപ്പിലിരുന്നാണ് മെക്കാനിക്കൽ ജീവനക്കാർ പണി ചെയ്യുന്നത്.

ഈ പ്രശ്നങ്ങളെല്ലാം നില നിൽക്കെ ഇതൊക്കെ ആരോട് പറയാനെന്നാണ് ജീവനക്കാരും യാത്രക്കാരും ഒരുപോലെ പറയുന്നത്.

ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും ജോലി ക്രമീകരണത്തിന്റെ ഭാഗമായി 7 കണ്ടക്ടർമാർ ആര്യനാട് ജോലി ചെയ്തിരുന്നു.അവർ മാതൃ ഡിപ്പോയിലേയ്ക്ക് സ്ഥലം മാറി പോയി.പകരം കണ്ടക്ടർമാർ ആര്യനാട് എത്തിയില്ല.എന്നാൽ ആര്യനാട് നിന്നും 4 കണ്ടക്ടർമാരെ തിരുവല്ലയിലേയ്ക്ക് കഴിഞ്ഞ മാസം സ്ഥലം മാറ്റിയിരുന്നു.എം പാനൽ കണ്ടക്ടർമാരാണ് സ്ഥിരം ജീവനക്കാരുടെ ഷെഡ്യൂളുകൾ ഓടുന്നത്.എം പാനൽ ജീവനക്കാരിൽ കൃത്യമായി ജോലിക്കെത്തുന്നത് 15 പേർ മാത്രമാണ്. കണ്ടക്ടർമാരായി മെക്കാനിക്കൽ ജീവനക്കാരും, ഡ്രൈവർമാരും ആര്യനാട് ജോലി ചെയ്യന്നുണ്ട്.സ്ഥിരം ജീവനക്കാരെ വിദൂരസ്ഥലങ്ങളിലേയ്ക്ക്

സ്ഥലം മാറ്റിയിട്ട് എം.പാനലുകാരെ ഡിപ്പോയിൽ ജോലി ചെയ്യിപ്പിക്കുന്നതിലും ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധവുമുണ്ട്.

കൺസഷൻ കൗണ്ടറിനെ പറ്റി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പറയാൻ പരാതികളേ ഉള്ളൂ. സ്വകാര്യ കോളേജുകൾക്ക് കൺസഷൻ നൽകാനുള്ള ഉത്തരവ് മറ്റ് ഡിപ്പോകളിലെത്തിയാലും ആര്യനാട്ടെ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ആഴ്ചകൾ കഴിഞ്ഞാലും കൺസഷൻ കിട്ടുന്നില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് വിദ്യാർത്ഥികളെ പല തവണ നടത്തിക്കുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു.കൺസഷൻ കൗണ്ടറിനെ പറ്റി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പറയാൻ പരാതികൾ മാത്രമാണുള്ളത്.