പാറശാല: ചെങ്കൽ ഗ്രാമപഞ്ചായത്തിൽ നെയ്യാറിന്റെ കരയിലൂടെ നിർമ്മിച്ചിട്ടുള്ള എം.എൽ.എ റോഡ് എന്നറിയപ്പെടുന്ന പാഞ്ചിക്കാട്ട് കടവ് ബണ്ട് റോഡ് തകർന്നിട്ട് ഒന്നര വർഷത്തിലേറെയായി. കഴക്കൂട്ടം - കാരോട് ബൈപ്പാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നെയ്യാറിന് കുറുകെയുള്ള കൂറ്റൻ പാലത്തിന്റെ നിർമ്മാണത്തെ തുടർന്നാണ് ഈ റോഡ് തകർന്നത്. പാലം നിർമ്മിക്കുന്നതിനായി ആറ്റിനുള്ളിൽ പൈപ്പുകൾ സ്ഥാപിച്ച ശേഷം മണ്ണിട്ട് താത്കാലിക റോഡ് നിർമ്മിച്ചിരുന്നു. ഇതാണ് നെയ്യാർ ഗതിമാറി ഒഴുകുന്നതിനും ബണ്ട് റോഡിന്റെ തകർച്ചയ്ക്കും കാരണമായത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പല തവണ റോഡിന്റെ വശങ്ങളിൽ മണൽ ചാക്കുകൾ അടുക്കി വെള്ളത്തിന്റെ മർദ്ദം തടയാൻ ശ്രമിച്ചിരുന്നെങ്കിലും അത് ഫലപ്രദമായില്ല. പാലം നിർമ്മാണത്തിനായി ആറ്റിനുള്ളിൽ ഒഴുക്ക് തടസപ്പെടുത്തുന്ന നിലയിൽ സ്ഥാപിച്ചിരുന്ന പൈപ്പുകൾ കഴിഞ്ഞ വേനൽ മഴയിലെ കുത്തൊഴുക്കിൽ ഒലിച്ച് പോയെങ്കിലും കരയിലെ ബണ്ട് റോഡിന്റെ പകുതിയിലേറെ ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാണു. ബണ്ട് റോഡ് തകർന്നതോടെ ഇതുവഴിയുണ്ടായിരുന്ന ഗതാഗതം തടസപ്പെടുകയും പ്രദേശത്തെ ജനങ്ങൾ ഇപ്പോൾ ഭീതിയിലുമായി. ബൈപാസ് റോഡുമായി ബന്ധപ്പെട്ട പ്രോജക്ട് ഒാഫീസർ സ്ഥലത്തെത്തുകയും വേണ്ടത് ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായിട്ടും സർക്കാരോ ദേശീയ പാതയുടെ അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ബണ്ട് റോഡ് തകർന്നാൽ 600 ഓളം കുടുംബങ്ങൾ പാർക്കുന്ന പ്രദേശത്തെ മൂന്ന് ഗ്രാമങ്ങൾ മഴക്കാലത്ത് വെള്ളത്തിനടിയിലാകുമെന്നത് ഉറപ്പാണ്.
ചെങ്കൽ ഗ്രാമപഞ്ചായത്തിലെ വ്ലാത്താങ്കര, വ്ലാത്താങ്കര കിഴക്ക്, കീഴമ്മാകം എന്നീ വാർഡുകളിലെ ജനങ്ങളെ പ്രളയത്തിൽ നിന്നു രക്ഷിക്കുന്നതിനായി കഴിഞ്ഞ 30 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചതാണ് എം.എൽ.എ റോഡ് എന്നറിയപ്പുടുന്ന ബണ്ട് റോഡ്. നാടിനെ വെള്ളപ്പൊക്കത്തിൽ നിന്നു സംരക്ഷിക്കുന്നതിനായി സ്വകാര്യ ഉടമകൾ സ്വമേധയാ വിട്ടുനൽകിയ വസ്തുക്കളിലൂടെ നിർമ്മിച്ചിട്ടുള്ള റോഡാണ് ഇപ്പോൾ കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡ് നിർമ്മാണത്തെ തുടർന്ന് തകർന്നത്.