villege

വർക്കല: ജില്ലയിലെ തീരദേശ ഗ്രാമങ്ങളിലെ ദുരന്തനിവാരണ മുന്നറിയിപ്പ് സംവിധാനം നോക്കുകുത്തിയായിട്ട് കാലങ്ങൾ ഏറെയായി. കാലാവസ്ഥ വ്യതിയാനവും ദുരന്തസാദ്ധ്യതകളും ജനങ്ങളെ മുൻകൂട്ടി അറിയിക്കാനുള്ള ഏർളി വാണിംഗ് സിസ്റ്റമാണ് ഉപയോഗശൂന്യമായ നിലയിൽ തുടരുന്നത്. 2004ൽ തീരദേശത്തേക്ക് സുനാമി ആർത്തിരമ്പിയതോടെയാണ് ഇത്തരം സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുന്നത്. 2008ഓടെ തീരദേശത്തെ എല്ലാ വില്ലേജുകളിലേക്കും അത് ഏർപ്പെടുത്തി. മിക്ക വില്ലേജ് ഓഫീസുകളുടെയും മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇത്തരം സംവിധാനം പ്രവർത്തിക്കാതായിട്ട് 11 വർഷത്തോളമായി. ഏർളി വാണിഗ് സിസ്റ്റം പ്രവർത്തിച്ചിരുന്നപ്പോൾ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഇതൊരു ആശ്വാസമായിരുന്നു. എന്നാൽ ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ ഇത്തരം സംവിധാനങ്ങൾ പ്രവർത്തനം നിലച്ചിട്ടും അവ കാര്യക്ഷമമാക്കാൻ അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നാണ് പൊതുവെ ആക്ഷേപം. തകരാറിലായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി സിസ്റ്റം കാര്യക്ഷമമാക്കാൻ റവന്യൂ അധികൃതരും തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.