idukki-dam

തിരുവനന്തപുരം:ഇടുക്കിയിലുൾപ്പെടെ കാലവർഷം വൻ നാശം വിതയ്‌ക്കുമ്പോഴും കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാമിൽ 35 ശതമാനത്തോളം വെള്ളമേ ഇപ്പോഴുമുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കഴിഞ്ഞതവണ ഇതേ ദിവസം ഇവിടെ 98.25 ശതമാനമായിരുന്നു ജലനിരപ്പ്. പിന്നീട് ഡാം നിറഞ്ഞ് തുറന്നുവിടേണ്ടിയും വന്നു. ഇന്നത്തെ സാഹചര്യത്തിൽ ഇടുക്കി മേഖലയിലുണ്ടാകുന്ന മഴവെള്ളത്തെയാകെ ശേഖരിക്കാൻ ഇടുക്കി അണക്കെട്ടിന് കഴിയും. അതുകൊണ്ടുതന്നെ കഴിഞ്ഞ പ്രളയകാലത്തേത് പോലുള്ള സ്ഥിതിവിശേഷം ഉണ്ടാകില്ല.

പമ്പ അണക്കെട്ടിൽ 60.68ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞവർഷം ഇതേ ദിവസം 99ശതമാനമായിരുന്നു. കഴിഞ്ഞവർഷം ഇതേ സമയത്ത് നിറഞ്ഞ കക്കി, ഷോളയാർ, ഇടമലയാർ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെയേ ഇപ്പോൾ വെള്ളമുള്ളൂ. കുറ്റ്യാടി, പെരിങ്ങൽകുത്ത്, ബാണാസുരസാഗർ അണക്കെട്ടുകളാണ് ഇപ്പോൾ നിറഞ്ഞിട്ടുള്ളത്. ബാക്കി അണക്കെട്ടുകളിൽ സംഭരണശേഷി വലിയ തോതിൽ ഇപ്പോഴുമുണ്ട്.

ഇതിനർത്ഥം ജാഗ്രത വേണ്ടെന്നല്ല. സ്ഥിതിഗതികൾ മുൻകൂട്ടിക്കണ്ട് അപകടസാദ്ധ്യതയുള്ള ഇടങ്ങളിൽ നിന്ന് കഴിയുന്നത്ര ആളുകളെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. അതാണ് ദുരന്തത്തെ മറികടക്കാനുള്ള ഏറ്റവും പ്രധാന മുൻകരുതലെന്ന് തിരിച്ചറിയണം. അതുകൊണ്ട് മുഴുവനാളുകളും അതുമായി സഹകരിക്കണം. നഷ്ടപ്പെട്ട ജീവൻ തിരിച്ചുനൽകാനാവില്ല. മറ്റ് ഭൗതികവസ്തുക്കളുടെ നഷ്ടങ്ങൾ നാം ഒത്തൊരുമിച്ചാൽ പരിഹരിക്കാം. പ്രളയപ്രദേശങ്ങളിൽ നിന്ന് മനുഷ്യജീവനുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

15.6ലക്ഷം വൈദ്യുതി കണക്‌ഷനുകൾ തകരാറിൽ

കാലവർഷക്കെടുതിയിൽ15.6 ലക്ഷം വൈദ്യുതി കണക്‌ഷനുകൾ തകരാറിലായതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറിൽ വെള്ളം ഉയർന്നതിനാൽ തടസപ്പെട്ട വടക്കൻജില്ലകളിലെ വൈദ്യുതി വിതരണം പൊലീസിന്റെ സഹായത്തോടെ പുനഃസ്ഥാപിച്ചു. വൈദ്യുതിബോർഡിന്റെ ഒമ്പത് സബ്സ്റ്റേഷനുകൾ അടച്ചിട്ടു. നാല് ചെറിയ പവർഹൗസുകളും തകരാറിലായി.

റോഡുകൾക്ക് വ്യാപകമായ നാശമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ആറ് പ്രധാന റോഡുകൾ അടച്ചിട്ടു. തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുക്കും.

ക്യാമ്പുകളിൽ വൈദ്യസഹായം

ദുരിതാശ്വാസക്യാമ്പുകളിൽ വൈദ്യസഹായം എത്തിക്കാൻ ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. ആവശ്യത്തിന് ഡോക്ടർമാരുടെ സേവനവും മരുന്നും ഒരുക്കി. മൃതദേഹങ്ങൾ പെട്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്തുകൊടുക്കാൻ ഏർപ്പാടാക്കി. ക്യാമ്പുകൾക്ക് എല്ലാ ഭാഗത്ത് നിന്നും സഹായമുണ്ടാവണം. ഏതിനെയും മറികടക്കാനുള്ള മൂലധനമാണ് സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ച് ഈ ദുരന്തത്തെയും മറികടക്കണം.