വിതുര: ആയിരക്കണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന വിതുര ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. പനിയും മഞ്ഞപ്പിത്തവും പടരുന്നതും നഴ്സുമാരുടെ കുറവും ഇവിടത്തെ പ്രവർത്തനം അവതാളത്തിലാക്കുകയാണ്. ആദിവാസികളും തോട്ടംതൊഴിലാളികളും ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആശ്രയമാണ് പൊൻമുടി മലയടിവാരത്ത് പ്രവർത്തിക്കുന്ന ഇൗ ആശുപത്രി. താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് വർഷം നാലായിട്ടും ഇതുവരെ താലൂക്ക് ആശുപത്രിയുടെ നിലയിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും സ്റ്റാഫുകളുടെ കുറവും നിമിത്തം ആശുപത്രി ഇപ്പോൾ പഴയതിനെക്കാൾ പരിതാപകരമായാണ് പ്രവർത്തിക്കുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ അനവധി സമരപരിപാടികൾ അരങ്ങേറിയതിനെ തുടർന്ന് ഒരു വർഷം മുൻപ് ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. പുതിയ മന്ദിരം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
പനിയും മഞ്ഞപ്പിത്തവും പടരുന്നു
വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ഒരു മാസമായി വൈറൽഫീവർ പടർന്നു പിടിക്കുകയാണ്. കടുത്ത പനി മൂലം വിതുര ആനപ്പാറ മണലി സ്വദേശിയായ വിദ്യാർത്ഥി രണ്ടാഴ്ച മുൻപ് മരിച്ചിരുന്നു. ഡെങ്കിപ്പനി ബാധിച്ച അനവധി പേരും ചികിത്സ തേടിയെത്തിയിരുന്നു. വിതുര ഗവ. താലൂക്ക് ആശുപത്രി, തൊളിക്കോട് മലയടി ആശുപത്രി എന്നിവിടങ്ങളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും പനി ബാധിതരുടെ തിരക്ക് വർദ്ധിച്ചുവരികയാണ്. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് മേഖലയിൽ അനവധി പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചു. കുട്ടികളടക്കം രോഗം ഗുരുതരമായ ചിലരെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. രോഗങ്ങൾ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
നഴ്സുമാർ നട്ടം തിരിയുന്നു
താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര സ്റ്റാഫ് നഴ്സുമാർ ഇല്ലാതായിട്ട് മാസങ്ങളാകുന്നു. ഇതോടെ നിലവിലുള്ള നഴ്സുമാർ കൂടുതൽ സമയം ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. നേരത്തേ മാസത്തിൽ ആറ് നൈറ്റ് ഡ്യൂട്ടി നോക്കിയിരുന്നുവെങ്കിൽ ഇപ്പോൾ ഇതിന്റെ ഇരട്ടിയിലേറെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. മാത്രമല്ല ഇവർക്ക് രോഗങ്ങൾ ബാധിച്ചാൽ പോലും ലീവ് കിട്ടാത്ത അവസ്ഥയും ഉണ്ട്. സാംക്രമികരോഗങ്ങൾ വ്യാപിച്ചതോടെ ആശുപത്രിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രശ്നം മെഡിക്കൽഒാഫീസറുടെ മുന്നിലും ഡി.എം.ഒയുടെ ശ്രദ്ധയിലുംപെടുത്തിയെങ്കിലും ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.