കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മുഴുവൻ പ്രൈമറി ഹെൽത്ത് സെന്ററുകളും ഇനി സ്മാർട്ടാകും. രോഗികൾക്ക് മികച്ച ചികിത്സ കിട്ടുമായിരുന്നെങ്കിലും മിക്ക ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വീർപ്പുമുട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബി. സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന ആശുപത്രികൾക്ക് 2.20 കോടി രൂപ അനുവദിച്ചത്. ആർദ്രം പദ്ധതി അനുവദിച്ചിട്ടും ഭൗതിക സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ പദ്ധതി നടപ്പിലാക്കാൻ പറ്റാത്ത സ്ഥിതിയാണുണ്ടായിരുന്നത്. ഗ്രാമീണ മേഖലയിലെ രോഗികൾ ആശ്രയിക്കുന്ന ഈ പ്രൈമറി ഹെൽത്ത് സെന്ററുകൾക്ക് വർഷങ്ങളുടെ പഴക്കം ഉണ്ടായിയിരുന്നിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ആവശ്യത്തിന് ജീവനക്കാരോ, ഡോക്ടർമാരോ ഇല്ലാതിരുന്ന ഇവിടങ്ങളിൽ ഉച്ചക്ക് ശേഷം രോഗികൾ ആരെങ്കിലും വന്നാൽ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും ആരുമില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്. ജീവിത ശൈലി രോഗങ്ങളും പകർച്ചവ്യാധികളും ഒക്കെയായി എത്തുന്നവരും പ്രതിരോധ കുത്തിവയ്പിനായി എത്തുന്ന ശിശുക്കളും ഒക്കെ ഒരേ സ്ഥലത്ത് ഇരിക്കേണ്ട ഗതികേടാണുണ്ടായിരുന്നത്. ഫണ്ട് അനുവദിച്ച് പുതിയ കെട്ടിടമാകുന്നതോടെ ഇതിനെല്ലാം ഒരു ശാശ്വത പരിഹാരമാകും.