തിരുവനന്തപുരം: മഴക്കെടുതികളെ തുടർന്ന് ദീർഘദൂര ട്രെയിൻ സർവീസുകൾ നിറുത്തിവച്ചത് കാരണമുള്ള യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ സ്പെഷ്യൽ ബസ് സർവീസുകളുമായി കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം -എറണാകുളം മേഖലയിൽ ദേശീയ പാതയും എം.സി റോഡും വഴി അഡിഷണൽ സൂപ്പർഫാസ്റ്റുകളും ഫാസ്റ്റുകളും സർവീസ് നടത്തുന്നു. രണ്ട് ദിവസമായി 250 പ്രത്യേക ബസുകൾ ആലപ്പുഴ, കോട്ടയം പാതകളിലൂടെ എറണാകുളം, തൃശൂർ, കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു കോഴിക്കോട് വരെ വിവിധ സ്ഥലങ്ങളിലേക്കായി 48 പ്രത്യേക ബസുകളും, ഒാരോ വിമാനം വരുമ്പോഴും രണ്ട് ബസുകൾ വീതവും ഓടിക്കുന്നുണ്ട്. വിമാനത്താവളത്തിൽ അന്വേഷണ കൗണ്ടർ തുറന്നു.
തിരുവനന്തപുരത്തു നിന്ന് കൂടുതൽ യാത്രക്കാരുള്ളത് ആലപ്പുഴ വരെയാണ്. 15 മിനിറ്റ് ഇടവേളകളിൽ കോട്ടയം വഴിയും കൊല്ലം ആലപ്പുഴ വഴിയും തൃശൂർ സൂപ്പർഫാസ്റ്റുകൾ ഓടിക്കുന്നു. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ ഇത് തുടരും.
അതേസമയം മലബാർ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാണ്. ബംഗളൂരു ബസുകൾ കോയമ്പത്തൂർ പാതയിലാണ് ഓടിക്കുന്നത്. മാനന്തവാടി -കൽപ്പറ്റ പാത വെള്ളം കയറിയതിനാൽ ബസ് സർവീസ് നിറുത്തിവച്ചു. താമരശേരി ചുരം വഴി ബസുകൾ കടത്തിവിടുന്നതിലും നിയന്ത്രണമുണ്ട്. മഴ കുറഞ്ഞാൽ എറണാകുളം- മൂന്നാർ പാതയിൽ ഇന്ന് ബസ് സർവീസ് പുനരാരംഭിക്കും.
മദ്ധ്യമേഖലയിലെ റോഡുകളിലെ തടസം മാറിവരുന്നതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. കോട്ടയം -കുമളി പാതയിൽ വണ്ടിപ്പെരിയാറിലെ വെള്ളക്കെട്ട് മാറിയതിനെ തുടർന്ന് ബസ് ഓടിച്ച് തുടങ്ങി. എന്നാൽ കുമളി -കട്ടപ്പന -എറണാകുളം പാതയിൽ ചേലച്ചുവട് ഭാഗത്ത് തകർന്ന റോഡ് ശരിയാക്കാൻ കഴിയാത്തതിനാൽ ഗതാഗതം മുടങ്ങി. പാലാ -കോട്ടയം റോഡിൽ വെള്ളക്കെട്ട് ഉണ്ടെങ്കിലും ബസുകൾ ഓടിക്കാനായി. കോട്ടയം -കുമരകം റോഡിലും അയ്മനം തിരുവാർപ്പ്, ആർപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളിലെ ബസുകൾ നിറുത്തിവച്ചു. ആലുപ്പുഴ -ചങ്ങനാശേരി പാതയിൽ വെള്ളം കയറിയതിനാൽ ഉച്ചയോടെ ബസുകൾ നിറുത്തിവച്ചു. ജലനിരപ്പ് താഴ്ന്നതിനാൽ വൈകിട്ടോടെ സർവീസ് നടത്തിത്തുടങ്ങി.
തിരുവനന്തപുരത്ത് നിന്ന് സേലം വഴി ബാംഗ്ലൂർ മൾട്ടി ആക്സിൽ സ്‌കാനിയ ബസുകൾ ഓടിതുടങ്ങി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നു പാലക്കാട് സേലം വഴി ബംഗളൂരുവിലേക്ക് പ്രത്യേക ബസുകൾ ഓടിച്ചു. ഇത് തുടർന്നേക്കും.