roadu-vellakettu

വക്കം: ഇടറോഡുകളാൽ സമ്പന്നമാണ് വക്കം. എന്നാൽ മഴക്കാലമായാൽ ഈ റോഡുകളൊന്നും കാണാൻപോലും കഴിയില്ല. അത്രയും വെള്ളമാണ് ഇവിടെ. മഴവെള്ളത്തിൽ ഇവിടുത്തെ റോഡുകൾ മുങ്ങും. വക്കത്തെ പ്രധാന റോഡുകളുടെയും ഇടറോഡുകളുടെയും അവസ്ഥ ഇതാണ്. നിലയ്ക്കാമുക്കിൽ നിന്നും ആരംഭിക്കുന്ന പ്രധാന റോഡ് തോപ്പിൽക്കടവിൽ എത്തുന്നതിനിടയിൽ പത്തോളം ഇടങ്ങളിലാണ് വെള്ളക്കെട്ടുള്ളത്. പല സ്ഥലങ്ങളിലും ഓടകൾ അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിലാകട്ടെ ഓടകൾ കവിഞ്ഞൊഴുകുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വെള്ളക്കെട്ടിന് കാരണമാക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. നിലയ്ക്കമുക്കിൽ നിന്നും വക്കത്തേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലേയും ഓടകൾ മഴക്കാലപൂർവ ശുചീകരണം നടത്താതിരുന്നതും പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് കാരണമായി. ഇവിടെ ഓടകൾക്ക് മൂടിയില്ലാത്തത് പെട്ടന്ന് ഓടകൾ നിറയുന്നതിന് കാരണമായി. ശാസ്ത്രിയമായ രീതിയിൽ റോഡുകളും ഓടകളും സംരക്ഷിച്ചില്ലങ്കിൽ നിലവിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലാതാകും.

ഇടറോഡുകളിലെ വെള്ളം സമീപത്തെ പുരയിടങ്ങളിൽ ഒഴുക്കാനോ, റോഡുകളിൽ ചെറു ഓടകൾ നിർമ്മിച്ചോ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ സ്ഥിരം വെള്ളക്കെട്ട് കാണുന്ന പ്രദേശങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി മണ്ണിട്ട് ഉയർത്തിയാൽ വെള്ളക്കെട്ടിന് താത്കാലിക ശമനം കണ്ടെത്താം.