തിരുവനന്തപുരം:മഴ കനത്തെങ്കിലും വലിയ അണക്കെട്ടുകളിൽ ഭൂരിഭാഗത്തിലും പകുതിയിൽ താഴെ മാത്രമേ വെള്ളമുള്ളൂ എന്നും ഇവ തുറക്കുമെന്ന വ്യാജപ്രചരണങ്ങളിൽ ആശങ്കപ്പെടരുതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു.
വൈദ്യുതി ബോർഡിന് 59 അണക്കെട്ടുകളാണുള്ളത്. ഇതിൽ 42 എണ്ണവും ഷട്ടറുകളില്ലാത്ത ചെറിയ അണക്കെട്ടുകളാണ്. എറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ സംഭരണശേഷിയുടെ 34.41 ശതമാനം മാത്രം വെള്ളമാണുള്ളത്. ഷട്ടറുകളുള്ള 17അണക്കെട്ടുകളിലും കൂടി ശരാശരി 39 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഈ അണക്കെട്ടുകളെല്ലാം നിറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമായാലും വലിയ അണക്കെട്ടുകൾ തുറക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉരുൾപൊട്ടലിനെത്തുടർന്ന് കക്കയം വൈദ്യുതി നിലയം അടച്ചിടേണ്ടി വന്നു. നിരവധി സബ് സ്റ്റേഷനുകളും വെള്ളത്തിലായി. വൈദ്യുതി തടസം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങൾ മൂലം ഉപഭോഗം കുത്തനെ കുറഞ്ഞു. വൈദ്യുതി ബോർഡിന് ദിവസം 18 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ.
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ലോഡ് ഷെഡിംഗ് ഭിഷണി ഒഴിയുമെന്നാണ് പ്രതീക്ഷയെന്നും എൻ.എസ് പിള്ള പറഞ്ഞു.