തിരുവനന്തപുരം: ശക്തമായ മഴ മൂലമുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താത്കാലികമായി തടസപ്പെട്ടു. തിരുവനന്തപുരം, കൊച്ചുവേളി, കന്യാകുമാരി സ്റ്റേഷനുകളിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകൾ മധുരയിലൂടെ വഴിതിരിച്ചുവിട്ടു. സംസ്ഥാനത്തെ ഭൂരിഭാഗം ട്രെയിൻ സർവീസുകളും റദ്ദാക്കി. ബാലരാമപുരത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു,
നെയ്യാറ്റിൻകരയ്ക്കും നേമത്തിനുമിടയിൽ ബാലരാമപുരം ടണൽ പ്രദേശത്ത് ഇന്നലെ രാവിലെ നാല് മണിയോടെയാണ് വൻ മണ്ണിടിച്ചിലുണ്ടായത്. ഇതോടെ തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ ട്രെയിൻ ഗതാഗതം രാവിലെ പത്ത് മണിവരെ തടസപ്പെട്ടു. നാലര മണിക്കൂറിലേറെ പണിപ്പെട്ടാണ് പാളത്തിൽ നിന്ന് മണ്ണ് നീക്കം ചെയ്തത്. തിരുവനന്തപുരത്തു നിന്ന് ഷൊർണൂർ വരെയുള്ള പാതയിൽ ആലപ്പുഴ ഭാഗത്ത് ചിലയിടങ്ങളിൽ മരച്ചില്ലകൾ വീണതൊഴിച്ചാൽ, കാര്യമായ മറ്റ് തടസങ്ങളില്ല. എന്നാൽ ഷൊർണൂർ മുതൽ വടക്കോട്ടും കൊല്ലം മുതൽ പുനലൂർ ഭാഗത്തേക്കും ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും തിരൂർ, ഫറൂഖ് പ്രദേശത്തും നദികൾക്ക് കുറുകെയുള്ള റെയിൽവേ പാലങ്ങളിൽ വെള്ളം നിറഞ്ഞാണ് ഗതാഗതം തടസപ്പെട്ടത്. ഇതോടെ സംസ്ഥാനത്തിനകത്ത് സർവീസ് നടത്തുന്ന ജനശതാബ്ദിയുൾപ്പെടെയുള്ള ട്രെയിനുകൾ സർവീസ് നിറുത്തിവച്ചു. എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയിൽ വേണാട്, ഇന്റർസിറ്റി, വഞ്ചിനാട് ട്രെയിനുകൾ മാത്രമാണ് തടസമില്ലാതെ സർവീസ് നടത്തുന്നത്. പാസഞ്ചർ, മെമു സർവീസുകളെയും മഴ ബാധിച്ചു.
തിരുവനന്തപുരത്തേക്കുളള ശബരി, ആലപ്പുഴയിലേക്കുള്ള ധൻബാദ് എന്നിവ കോയമ്പത്തൂരും തിരുവനന്തപുരത്തേക്കുള്ള രപ്തിസാഗർ, എറണാകുളത്തേക്കുള്ള പാറ്റ്ന എക്സ്പ്രസ് എന്നിവ ഇൗറോഡിലും ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള എക്സ്പ്രസ് പാലക്കാട്ടും യാത്ര നിറുത്തി. ഡൽഹിയിലേക്കുളള കേരള എക്സ്പ്രസ്, മുംബയ് ജയന്തിജനത, ബാംഗ്ളൂരിലേക്കുള്ള ഐലന്റ് കൊച്ചുവേളിയിൽ നിന്നുള്ള ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവ മധുര വഴി സർവീസ് നടത്തും. തിരുവനന്തപുരത്തേക്കുള്ള വെരാവേൽ കണ്ണൂരിൽ യാത്ര നിറുത്തി. തിരുവനന്തപുരം - മുംബയ്, കുർള, കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം - ഇൻഡോർ, കണ്ണൂർ ഇന്റർസിറ്റി, കൊച്ചുവേളിയിൽ നിന്നുള്ള സമ്പർക്കക്രാന്തി, തിരുവനന്തപുരം - ഷാലിമാർ, ആലപ്പി - കണ്ണൂർ, കൊച്ചുവേളി - ഗംഗാനഗർ, തിരുവനന്തപുരം - ചെന്നൈ പ്രതിവാര എക്സ്പ്രസ്, എറണാകുളം - ചെന്നൈ സ്പെഷ്യൽ എന്നിവ റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുള്ള ഏറനാട് തൃശൂരിലും പരശുറാം വടക്കാഞ്ചേരിയിലും കണ്ണൂർ ജനശതാബ്ദി ഷൊർണൂരിലും യാത്ര അവസാനിപ്പിച്ചു. ഇവിടെ നിന്ന് തന്നെയാണ് മടക്കയാത്രയും.