ശ്രീകാര്യം: കഴക്കൂട്ടം നിവാസികളുടെ ഏറെ നാളെത്തെ പ്രതീക്ഷ നിറവേറുകയാണ്. പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ ഇനിമുതൽ കിടത്തി ചികിത്സിക്കാൻ പോകുന്നു എന്ന വാർത്ത വളരെ ആശ്വാസത്തോടെയാണ് ഇവിടത്തുകാർ ശ്രവിച്ചത്. കിടത്തി ചികിത്സയുൾപ്പെടെ മിക്ക പ്രവർത്തനത്തിനുള്ള അധിക തസ്തിക അനുവദിക്കുകയും ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ എൻ.എച്ച്.എമ്മിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കഴക്കൂട്ടത്തുകാരുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാകുന്നത്. ദേശീയ പാതയോട് ചേർന്ന് കിടക്കുന്നതും തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഹെൽത്ത് യൂണിറ്റുമായ പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ഒരുക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബഹുനില മന്ദിരം നിർമ്മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ആവശ്യമായ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കാനോ മറ്റ് സൗകര്യങ്ങൾ ഒരുക്കാനോ കഴിഞ്ഞില്ല. കോടികൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ ആധുനിക ആശുപത്രി മന്ദിരം വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഇതിനെതിരെ നാട്ടുകാരും കഴക്കൂട്ടം വികസന സമിതിയും രംഗത്തെത്തിയിരുന്നു. നാട്ടുകാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രത്യക താത്പര്യപ്രകാരം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മുൻകൈയെടുത്ത് പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് പത്ത് പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭയുടെ അനുമതി നേടിയെടുക്കുകയായിരുന്നു. പുതിയ സ്റ്റാഫ് പാറ്റേൺ നിലവിൽ വരുന്നതോടെ പാങ്ങപ്പാറ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൾ കാര്യക്ഷമമാവും.
സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും സംയുക്തമായി നടപ്പാക്കിയ സമഗ്ര ശ്വാസകോശ രോഗ നിവാരണ പദ്ധതിയായ, പാൽ (പ്രാക്ടിക്കൽ അപ്രോച്ച് ടു ലംഗ് ഹെൽത്ത്) ആദ്യ ഘട്ടത്തിൽ ജില്ലയിൽ നടപ്പാക്കിയത് പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നുവെന്നും ദിനംപ്രതി ഇവിടത്തെ ഒ.പിയിലെത്തുന്ന മുന്നൂറിലധികം രോഗികളിൽ മൂന്നിലൊന്നു ശതമാനവും ശ്വാസകോശ രോഗങ്ങൾ ബാധിച്ചവരായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, ഇടതുപക്ഷ സർക്കാരാണ് പുതിയ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ദേശീയ പാതയോട് ചേർന്ന പാങ്ങപ്പാറ ഹെൽത്ത് സെന്ററിനെ മികച്ച പ്രാഥമിക പരിചരണം നൽകുന്ന ആശുപത്രിയായി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തികകൾ സർക്കാർ അനുവദിച്ചത്. --കെ.കെ. ശൈലജ, ആരോഗ്യ മന്ത്രി
പുതിയ സ്റ്റാഫ് പാറ്റേൺ
ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2, ഫാർമസിസ്റ്റ് ഗ്രേഡ്-2, ഇ.സി.ജി ടെക്‌നീഷ്യൻ, ക്ലാർക്ക്