തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയിൽ 84 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ ഇതുവരെ 6വീടുകൾ പൂർണമായും 78 വീടുകൾ ഭാഗികമായും തകർന്നു. പൂർണമായും തകർന്ന വീടുകളിൽ മൂന്നെണ്ണം കാട്ടാക്കട താലൂക്കിലാണ്. നെയ്യാറ്റിൻകര, തിരുവനന്തപുരം, വർക്കല താലൂക്കുകളിൽ ഓരോ വീടും പൂർണമായി തകർന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
മഴക്കെടുതിയെ തുടർന്ന് കാട്ടാക്കട വിളവൂർക്കൽ കുരിശുമുട്ടം ഗ്രന്ഥശാലയിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചതായി തഹസിൽദാർ അറിയിച്ചു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് റവന്യു ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശം നൽകി.
വെഞ്ഞാറമൂട് മഞ്ഞമലയിൽ മരക്കൊമ്പ് വീണു പരിക്കേറ്റ പ്രസന്നകുമാരിയെ (57) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്ങ് കടപുഴകി മറ്റൊരു മരത്തിന്റെ മേൽ വീണതിനെ തുടർന്ന് മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.
നഗരത്തിൽ കനത്ത നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പാളയം പൊലീസ് ക്വാർട്ടേഴ്‌സിന് മുന്നിലും, ചെന്നിലോട് ഭാഗത്തും ചാക്കയിലും ഒടിഞ്ഞ് വീണ മരങ്ങൾ ഫയർഫോഴ്‌സ് എത്തി മുറിച്ചുനീക്കി. കൊച്ചുവേളി സെന്റ് ജോസഫ് ലൈബ്രറിയുടെ മേൽക്കൂര ഇടിഞ്ഞു വീണ് കമ്പ്യൂട്ടറും പുസ്തകങ്ങളും നശിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡുകളിലാകെ വെള്ളം കെട്ടിക്കിടന്നത് ഗതാഗതത്തിന് തടസമായി. എന്നാൽ ഇന്നലെ മഴയ്ക്ക് ഒരല്പം ശമനമുണ്ടായത് ആശ്വാസമായി.
അരുവിക്കര ഡാമിന്റെ ഒരു ഷട്ടർ 80 സെന്റിമീറ്റർ ഉയർത്തി
46.6 സെന്റീമീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്
പേപ്പാറ ഡാമിൽ 104.1 മീറ്ററാണ് നിലവിൽ ജലനിരപ്പ്
107.5 മീറ്ററാണ് പരമാവധി സംഭരണശേഷി
നെയ്യാർ ഡാമിൽ 81.48 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്
84.75 മീറ്ററാണ് പരമാവധി സംഭരണശേഷി
കരിമഠം കോളനിയിൽ വെള്ളക്കെട്ട്
നഗരസഭയിലെ കരിമഠം കോളനിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇവിടത്തെ സ്ഥിരതാമസക്കാർ ബുദ്ധിമുട്ടിലായി. മാലിന്യങ്ങൾ ഓടകളിൽ കെട്ടിക്കിടക്കുന്നതിനാൽ വെള്ളമൊഴുക്ക് നിലച്ചതോടെ തൊട്ടടുത്ത മേഖലയായ കാവേരി ഗാർഡൻസ്, ഗംഗ നഗർ, യമുന നഗർ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. കരിമഠം മേഖലയിലെ വെള്ളക്കെട്ട് തുറന്നുവിടാനെത്തിയെ യമുന നഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ചാല വാർഡ് കൗൺസിലർ എന്നിവരുമായി കരിമഠം നിവാസികൾ വാഗ്വാദത്തിലായി.
ജാഗ്രത പാലിക്കണം
ഇടവിട്ട് ശക്തമായി മഴ പെയ്യുന്നതിനാലും നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. ദുരന്തനിവാരണ വിഭാഗത്തിൽ നിന്ന് നൽകുന്ന മുന്നറിയിപ്പുകളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ക്വാറി പ്രവർത്തനങ്ങൾ നിറുത്താൻ ഉത്തരവ്
ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം ജില്ലയിലെ ക്വാറി പ്രവർത്തനങ്ങളും മണ്ണിടിക്കുന്നതുൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങളും നിറുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഉത്തരവിട്ടു.
കൺട്രോൾ റൂം നമ്പരുകൾ
അപകട സാഹചര്യങ്ങളിൽ ജനങ്ങൾക്ക് കൺട്രോൾ റൂമിൽ ബന്ധപ്പെടാം. നമ്പരുകൾ: 0471 2730045, വാട്സ് ആപ്പ്: 9497711281, ജില്ലാ കളക്ടറേറ്റ്: 1077, സംസ്ഥാന കൺട്രോൾ റൂം: 1070.