നെടുമങ്ങാട് : മലയോരത്ത് മഴ തിമിർത്ത് പെയ്യുകയാണ്. അരുവിക്കര ഡാമിന്റെ
വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ ഒരു ഷട്ടർ തുറന്നു.
മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലും കൃഷിനാശവും മരം വീഴ്ചയും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നാശനഷ്ടത്തിന്റെ തോത് കുറവാണെങ്കിലും കാറ്റിൽ വീടുകളുടെ മേൽക്കൂര നഷ്ടപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. അരുവിക്കര ഇരുമ്പ മേലേ കുന്നിൽ വീടിനു മീതെ മരക്കൊമ്പ് പതിച്ച് അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. അരുവിക്കര, വെമ്പായം പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. നെടുമങ്ങാട് പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസിന്റെ മതിലിടിഞ്ഞ് പരിസരത്തെ വീട്ടുമുറ്റത്ത് കിടന്ന രണ്ടു കാറുകൾക്ക് നാശനഷ്ടമുണ്ടായി. അരുവിക്കര മേഖലയിലെ മണ്ണിടിച്ചിൽ ഡാമിന്റെ സുരക്ഷയിൽ ആശങ്ക പരത്തുന്നുണ്ട്. ഷൊർലക്കോട്, ചെങ്കോട്ട, പൊന്മുടി, വട്ടപ്പാറ, പനവൂർ റോഡുകളിൽ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. മരങ്ങളും കടപുഴകി. കാറ്റിൽ വാഴ, വെറ്റിലക്കൊടി കൃഷി പരക്കെ നശിച്ചു. നഗരസഭയിലെ പൂവത്തൂർ, പരിയാരം, കരുപ്പൂര് ഭാഗങ്ങളിലും ആര്യനാട് കൃഷിഭവന്റെ പരിധിയിലുമാണ് കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കരകുളം, ഉഴമലയ്ക്കൽ, ആനാട്, പനവൂർ, വെമ്പായം പഞ്ചായത്തുകളിൽ ഓണ വിപണി മുന്നിൽക്കണ്ട് കൃഷി ചെയ്ത പച്ചക്കറി വിളകൾ പരക്കെ നശിച്ചിട്ടുണ്ട്.
കൺട്രോൾ റൂം തുറന്നു
അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനായി നെടുമങ്ങാട് നഗരസഭയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നഗരസഭയിലും താലൂക്കോഫീസിലും തുറന്നു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെയും തഹസിൽദാർ എം.കെ. അനിൽ കുമാറിന്റെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ അപായഭീതി പരത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ റവന്യു, പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇലക്ട്രിസിറ്റി, ഫയർഫോഴ്‌സ്, വാട്ടർ അതോറിട്ടി, പൊലീസ് ഉദ്യോഗസ്ഥരും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരും കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ പ്രകൃതി ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ശേഖരിക്കാൻ പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്.
ജാഗ്രത പാലിക്കണം
ഡാമിന്റെ മദ്ധ്യഭാഗത്തെ ഷട്ടറാണ് ഉയർത്തിയത്. ജലസംഭരണിയിൽ 46.63 അടി വെള്ളമെത്താറാകുമ്പോൾ തുറന്നു വിടുകയാണ് പതിവ്. അടുത്ത ദിവസങ്ങളിൽ മഴ കനക്കുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കും. ഡാമിന്റെ സമീപത്തും കരമന ആറിന്റെ കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അരുവിക്കര ഡാം
ഷട്ടർ ഉയർത്തിയത് 50 സെ.മീ.
ജലനിരപ്പ് 46.45 മീറ്റർ
വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്.
ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനാലാണ് ഷട്ടർ തുറന്നത്.
--- ഡാം അധികൃതർ