ddd

നെയ്യാറ്റിൻകര: മുടങ്ങാതെ കുടിവെള്ളം കിട്ടുമെന്ന് കരുതി നാട്ടുകാർ കാത്തിരുന്ന കാളിപ്പാറ ശുദ്ധജല പദ്ധതി ടൗൺ നിവാസികൾക്ക് വിനയായി മാറുന്നു. ഇടയ്ക്കിടെ പൈപ്പ് പൊട്ടി നിറയെ കുഴികളായ റോഡിൽ വെള്ളക്കെട്ട് കൂടിയായതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുകയാണ്. പദ്ധതിക്കായി എടുത്തിട്ട ആശുപത്രി ജംഗ്ഷനിലെ വലിയ കുഴിയിൽ അകപ്പെട്ട് സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും അരിയുമായി എത്തിയ ലോറി മറിഞ്ഞതാണ് ഒടുവിലത്തെ അപകടം. നെയ്യാർ ജലസംഭരണിയിൽ നിന്നും വലിയ കുഴലുകളിലൂടെ താലൂക്കിൽ ഉടനീളം ശുദ്ധജലമെത്തിക്കുകയായിരുന്നു പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. പക്ഷേ വിതരണ പൈപ്പിൽ ജലം നിറഞ്ഞാൽ പ്രഷർ കൂടി പൈപ്പ് പൊട്ടും. ഇത് നന്നാക്കാനാണ് ഇടക്കിടയ്ക്ക് റോഡിലെ കുഴിക്കുള്ളിൽ സ്ഥാപിച്ച പൈപ്പ് പുറത്തെടുക്കുന്നത്. നെയ്യാ​റ്റിൻകര ആശുപത്രി ജംഗ്ഷന് സമീപം കാളിപ്പാറ പദ്ധതിയുടെ വലിയ പൈപ്പ് പൊട്ടി റോഡ് വെള്ളക്കെട്ടിലായി മാറുന്നത് സ്ഥിരം കാഴ്ചയാണ്.

എതിർപ്പിൽ തുടക്കം

കാളിപ്പാറ പദ്ധതിക്കായി നെയ്യാർ ജലസംഭരണിയിൽ നിന്നും ജലം ശേഖരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ജലവിഭവ വിനിയോഗ കമ്മിറ്റി എതിർപ്പുമായെത്തിയിരുന്നു. കാർഷികാവശ്യത്തിനായി കമ്മിഷൻ ചെയ്ത നെയ്യാർ ജലസംഭരണിയിൽ നിന്നും കുടിവെള്ള ആവശ്യത്തിനായി ജലം എടുക്കുന്നതിൽ യോഗത്തിലുണ്ടായ എതിർപ്പിനെ അവഗണിച്ചാണ് പദ്ധതി തുടങ്ങിയത്.

പദ്ധതിയിൽ ക്രമക്കേടെന്ന്

24 കോടി രൂപയായിരുന്നു നിർമ്മാണത്തിന്റെ അടങ്കൽ തുക. അതേസമയം കൂറ്റൻ പൈപ്പുകൾ വാങ്ങുന്നതിലെ ക്രമക്കേട് പദ്ധതിക്ക് തിരിച്ചടിയായി മാറി. ഗുണമേന്മ കുറഞ്ഞ പൈപ്പ് ഉപയോഗിച്ചത് കാരണം ജലം പമ്പ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രഷറിലെ ഏറ്റക്കുറച്ചിലുകൾ പൈപ്പ് പൊട്ടാനിടയാക്കി. മാത്രമല്ല പൈപ്പുകൾക്കിടയിലെ വാഷറുകൾ വച്ചു പിടിപ്പിച്ചതും അശാസ്ത്രീയമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിനെതിരെ ഇപ്പോൾ വിജിലൻസ് അന്വേഷണം നടക്കുകയാണ്.