photo

നെടുമങ്ങാട്: വന്യജീവി ആക്രമണത്തിനെതിരെ അധികൃതർ നിസംഗത പുലർത്തുകയാണെന്നാരോപിച്ച് വനംവകുപ്പിന്റെ ജില്ലാ അദാലത്തിൽ ആദിവാസികൾ അടക്കമുള്ളവരുടെ പ്രതിഷേധം. കാട്ടാനയും കാട്ടുപന്നിയും നിരവധി പേരുടെ ജീവൻ അപഹരിച്ചിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ അധികൃതർ അനാസ്ഥ കാട്ടുകയാണെന്ന് അദാലത്തിൽ പങ്കെടുത്തവർ ആരോപിച്ചു. നെടുമങ്ങാട് നഗരസഭ ടൗൺ ഹാളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സാന്നിദ്ധ്യത്തിൽ നടന്ന അദാലത്തിൽ നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല, പാങ്ങോട്, വിതുര, തൊളിക്കോട്, പനവൂർ, ആനാട് പഞ്ചായത്തുകളിലെയും കാട്ടാക്കട താലൂക്കിലെ ആര്യനാട്, കുറ്റിച്ചൽ, കള്ളിക്കാട്, വെള്ളറട, അമ്പൂരി പഞ്ചായത്തുകളിലെയും നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂർ, കരുപ്പൂർ പ്രദേശവാസികളും പരാതികളുമായി എത്തി. പരുത്തിപ്പള്ളി, പാലോട് റേഞ്ച് ഫോറസ്റ്റ് മേഖലകളിലെ 250 ഓളം വനം കേസുകളും അദാലത്തിൽ തീർപ്പായി. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.സി.എഫിന് നിവേദനം നല്കി.

കർഷകസംഘം പ്രവർത്തകർ പലവട്ടം വനംവകുപ്പ് ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാറും സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവനും മുന്നറിയിപ്പ് നൽകി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എം ബഷീർ, നെടുമങ്ങാട് ഏരിയ ഭാരവാഹികളായ ആർ. മധു, ടി.ആർ. സുരേഷ്, മന്നൂർക്കോണം രാജേന്ദ്രൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.