തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാമിന്റെ കാലുകൾ നിലത്തുറച്ചിരുന്നില്ലെന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരുന്നുവെന്നും സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന ശാസ്തമംഗലം സ്വദേശി ജോബി പൊലീസിന് മൊഴി നൽകി.
അപകടം നടന്നയുടൻ അതുവഴി വന്ന ജോബി അന്ന് മ്യൂസിയം പൊലീസിനും മാദ്ധ്യമങ്ങൾക്കും മുന്നിൽ നൽകിയ മൊഴി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും ആവർത്തിച്ചു. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ, അപകടം കണ്ടാണ് സ്ഥലത്തെത്തിയത്. കാറോടിച്ചിരുന്ന ശ്രീറാം പുറത്തിറങ്ങി ബൈക്ക് യാത്രികനെ എടുത്ത് കാറിലേക്ക് കയറ്റാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി വിലക്കി. ശ്രീറാം മദ്യപിച്ചിരുന്നതായി ശരീരഭാഷയിലും സംസാരത്തിലും പ്രകടമായിരുന്നു. പൊലീസ് ആംബുലൻസിലാണ് ബഷീറിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ജോബി മൊഴി നൽകി.
സംഭവത്തിൽ ദൃക്സാക്ഷികളായിരുന്ന ഒാട്ടാറിക്ഷാ ഡ്രൈവർമാരായ ഷഫീക്ക്, മണിക്കുട്ടൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയും നാർക്കോട്ടിക് അസി. കമ്മീഷണർ ഷീൻ തറയലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അസൗകര്യമുള്ളതിനാൽ ശനിയാഴ്ച ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം എത്താമെന്നും മറ്റ് സാക്ഷികൾ അറിയിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സാക്ഷി മൊഴികൾ എതിരാകുമ്പോഴും , ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ പൊലീസിന്റെ വീഴ്ച കാരണം ലഭിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.
അതിനിടെ, മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ വിദഗ്ദ്ധ ചികിത്സയുടെ പേരിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇന്നലെ വൈകിട്ടോടെ ശ്രീറാമിനെ പേ വാർഡിലേക്ക് മാറ്റി, മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടി.