കല്ലമ്പലം: രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ കല്ലമ്പലത്ത് വ്യാപക നാശം. ഒറ്റൂർ തോപ്പിൽ ചരുവിളവീട്ടിൽ ലളിതയുടെ വീട് പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അപകടസമയത്ത് വീട്ടുകാരെല്ലാം ബന്ധു വീട്ടിലായിരുന്നു. ടി.വി, ഫാൻ, അടുക്കള സാധനങ്ങൾ, പാത്രങ്ങൾ, കട്ടിൽ എന്നിവ നശിച്ചു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. തലവിളയിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ കൂറ്റൻ മതിലിടിഞ്ഞു. കപ്പാംവിള - മാടൻകാവ് റോഡ്, ഡീസന്റ് മുക്ക് - മുട്ടിയറ റോഡ്, പുതുശേരിമുക്ക്, പുല്ലൂർമുക്ക്, ഞാറയിൽക്കോണം, കുടവൂർ എന്നിവിടങ്ങളിൽ മരംവീണ് വൈദ്യുതി ലൈനുകൾ പൊട്ടി. നാവായിക്കുളം പഞ്ചായത്തിൽ വ്യാപക കൃഷി നാശമുണ്ട്.