kerala-flood-2019-

തിരുവനന്തപുരം: പ്രളയദുരന്തത്തിടെ തിരുവനന്തപുരം ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ അവധിയിൽ പോയത് വിവാദത്തിൽ. പ്രളയബാധിത മേഖലകളിലേക്കാവശ്യമായ സാധനങ്ങളെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കേണ്ടത് തലസ്ഥാന ജില്ലയാണ്. എന്നാൽ ഇപ്പോൾ സാധാനങ്ങൾ ആവശ്യമില്ലെന്നും വരും ദിവസങ്ങളിൽ അതിനെ കുറിച്ച് ആലോചിക്കാമെന്നും വെള്ളിയാഴ്ച ഫേസ്ബുക്കിലൂടെ അറിയിച്ച ശേഷമാണ് കളക്ടർ ഇന്നലെ അവധിയിൽ പോയത്. ഇന്നും നാളെയും പൊതുഅവധി ദിവസം കഴിഞ്ഞ് മറ്റെന്നാൾ തിരികേ എത്താനായിരുന്നു തീരുമാനം. സംഭവം വിവാദമായതോടെ കളക്ടർ ഇന്ന് മടങ്ങിയെത്തുമെന്നാണ് വിവരം.

കളക്ടർ രണ്ടാഴ്ചമുമ്പ് അവധിയ്‌ക്ക് അപേക്ഷ നൽകി അനുമതി വാങ്ങിയിരുന്നു. എന്നാൽ പ്രളയസാഹചര്യത്തിൽ അവധിയിലുള്ള ഉദ്യോഗസ്ഥരുൾപ്പെടെ ജോലിക്കത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് അവധിയെടുത്ത്. ഇന്നലെ എ.ഡി.എം വിനോദിനായിരുന്നു കളക്ടറുടെ ചുമതല.

പ്രളയബാധിത ജില്ലകളിലെ കളക്ടർമാർ സാധനങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും വേണ്ടപ്പോൾ എത്തിക്കാമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കഴിഞ്ഞ പ്രളയകാലത്ത് കളക്ടറായിരുന്ന വാസുകിയുടെ നേതൃത്വത്തിൽ മാതൃകപരമായ പ്രവർത്തനമാണ് തലസ്ഥാന ജില്ലയിൽ നടന്നത്. അതേസമയം കളക്ടറുടെ പ്രസ്താവന അനവസരത്തിലാണെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. അവശ്യസാധനങ്ങൾ വേണ്ടെന്ന കളക്ടറുടെ അറിയിപ്പ് ജനങ്ങളെ നിരുത്സാഹപ്പെട്ടുത്തിയെന്നും മേയർ പറഞ്ഞു.