തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിൽ നിന്നു ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ രേഖ ഉണ്ട്. ഇത് സി.എ.ജി ആഡിറ്റിന് വിധേയമാണ്.
ദുരിതാശ്വാസ നിധിക്ക് രണ്ടു ഘടകങ്ങൾ ഉണ്ടെന്നും ഐസക് വ്യക്തമാക്കി. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് വ്യാപകമായി പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. ജൂലായ് 20 വരെ 4106 കോടി രൂപയാണ് അവർ ദുരിതാശ്വാസത്തിലേക്ക് സംഭാവന നൽകിയത്. പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി ലഭിച്ച തുക തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് പേയ്‌മെന്റുകൾ തുടങ്ങിയവ വഴി ട്രാൻസ്ഫർ ചെയ്യുന്ന തുക നേരെ ഈ അക്കൗണ്ടിലാണ് പോകുന്നത്. സാലറി ചലഞ്ചിലൂടെ സമാഹരിച്ചത് മാത്രമാണ് ട്രഷറിയിൽ പ്രത്യേക അക്കൗണ്ടായി സൂക്ഷിച്ചിരിക്കുന്നത്. പ്രളയ ദുരിതാശ്വാസ നിധി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ല എന്നുറപ്പു വരുത്താൻ വേണ്ടിയാണ് ഇത് പ്രത്യേക അക്കൗണ്ടുകളിൽ സൂക്ഷിച്ചിട്ടുള്ളതെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.