കിളിമാനൂർ: കഴിഞ്ഞ ദിവസം കിളിമാനൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഒരു അനുമോദന സമ്മേളനം വേറിട്ടതായിരുന്നു. എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച രണ്ട് വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങായിരുന്നു അത്.ഇതേ സ്കൂളിൽ യു.പി.തലം മുതൽ ഒരുമിച്ച് ഒരു ക്ലാസ് മുറിയിൽ പഠിച്ചിരുന്നവർ ഇനി മെഡിക്കൽ വിദ്യാഭ്യാസത്തിനും ഒരുമിച്ച് ഒരേ കലാലയത്തിലേയ്ക്ക്.
കിളിമാനൂർ കെ.എസ്.ആർ.ടി.സി.ടിപ്പോയ്ക്ക് സമീപം ഹരികുമാറിന്റെയും മധുകുമാരിയുടെയും മകൻ മഹാദേവനും, വെള്ളല്ലൂർ തിരുവാതിരയിൽ ബിനുവിന്റെയും ലീനയുടെയും മകൾ ആതിരയ്ക്കുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചത്.പ്ലസ് ടു പഠനം കഴിഞ്ഞ് ഇരു വരും ഒരു വർഷം പിരിശീലനത്തിന് പോയിരുന്നു. തുടർന്ന് എൻട്രസ് പരീക്ഷ എഴുതിയ ഇവർക്ക് മികച്ച റാങ്ക് ലഭിക്കുകയായിരുന്നു. സ്കൂൾ തലം മുതൽ ഒരുമിച്ച് പഠിച്ച ഇവർ ഇനി ഒരുമിച്ച് ഒരു കലാലയത്തിലേക്ക് പോകുന്ന ത്രില്ലിലാണ്.ഇരുവരെയും സ്കൂളിൽ വച്ച് അനുമോദിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് വി.ബിനു ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പൽ എം.ബീനാകുമാരി ഉപഹാരം നൽകി.