mulla

കിളിമാനൂർ: വട്ടിപലിശക്കാരുടെ കൊള്ളയിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാനായി കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്കിൽ മുറ്റത്തെ മുല്ല പദ്ധതിക്ക് തുടക്കമായി. വട്ടിപലിശക്കാരിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാനായി സംസ്ഥാനസഹകരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് മുറ്റത്തെ മുല്ല. സഹകരണസംഘങ്ങളും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാ​ഗമായി സാധാരണക്കാർക്ക് വളരെ കുറഞ്ഞ പലിശനിരക്കിൽ യാതൊരു നൂലാമാലകളും ഇല്ലാതെ വായ്പ ലഭ്യമാകും. ലഭിക്കുന്ന വായ്പ ചെറിയ തവണകളായി അടച്ചുതീർക്കാവുന്ന സൗകര്യവും ലഭ്യമാണ്. പദ്ധതിക്കായി കൊടുവഴന്നൂർ സർവ്വീസ് സഹകരണ ബാങ്ക് അഞ്ചുകോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനായി. പ്രളയത്തിൽ വീട് നഷ്ടമായവർക്കായി സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന രണ്ടാമത്തെ വീടിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി, പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പ്രഭിത്ത് തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ഡോ. കെ. വിജയൻ സ്വാ​ഗതവും സെക്രട്ടറി രമണി അമ്മ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളും, സർവകലാശാല പരീക്ഷകളിലും ഉന്നതവിജയികളായവരെ ചടങ്ങിൽ അനുമോദിച്ചു.