uuu

നെയ്യാറ്റിൻകര: ഒരാഴ്ചയായി പെയ്യുന്ന മഴയോടൊപ്പം കഴിഞ്ഞ ദിവസത്തെ കാറ്റും കൂടിയായപ്പോൾ താലൂക്കിൽ പലേടത്തും വൻതോതിൽ കൃഷി നശിച്ചു. കാർഷിക വിളകളുടെ നഷ്ടം ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല.

നെയ്യാറിലെ ജല നിരപ്പ് ഉയർന്നെങ്കിലും അപകടകരമായ നിലയിലെത്തിയിട്ടില്ല. എങ്കിലും നദീതീരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. നെയ്യാർഡാം തീരത്ത് ഇനിയും മഴ തുടർന്നാൽ നദിയിലേക്ക് വെള്ളം തുറന്നു വിടേണ്ടി വരുമെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇന്നലെയും അറിയിപ്പുണ്ടായി.

ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏക്കർ കണക്കിന് പച്ചക്കറികൾ കഴിഞ്ഞ ഒരാഴ്ചത്തെ മഴയിൽ നശിച്ചു. പെരുമ്പഴുതൂർ,പിരായുംമൂട്, കണ്ണംകുഴി മേഖലകളിലാണ് ഏറെയും കൃഷി നശിച്ചത്. മിക്കതും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകരുടെ കൃഷിയാണ് നശിച്ചിട്ടുള്ളത്. പെരുങ്കടവിള, തിരുപുറം, ചെങ്കൽ പഞ്ചായത്തുകളിലെ പച്ചക്കറിത്തോട്ടങ്ങളും മഴ വെള്ളം കയറി നശിച്ചു. പാവൽ, പടവലങ്ങ തോട്ടങ്ങളും കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ നശിച്ചു. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളും നിലം പൊത്തി. മഴ തുടരുമോ എന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ വർഷവും ഇതേ പോലെ കൃഷി നശിച്ചെങ്കിലും നാമമാത്രമായ കർഷകർക്കാണ് തുച്ഛമായ ധനാശ്വാസമെങ്കിലും ലഭിച്ചത്. ധനസഹായം നൽകുമെന്ന് അധികൃതർ പറയുന്നുവെങ്കിലും തുക ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു.

ഇഷ്ടികച്ചൂളകൾക്കും മഴ കനത്ത നാശമുണ്ടാക്കി. തിരുപുറം, കാലുംമുഖം ഓലത്താന്നി, പിരായുംമൂട്, അമരവിള ഭാഗങ്ങളിലെ ഇഷ്ടിക ച്ചൂളകളിൽ വച്ചിരുന്ന ആയിരക്കണക്കിന് പച്ചക്കല്ലുകൾ മഴയിൽ കുതിർന്ന് ഒഴുകിപ്പോയി.