തിരുവനന്തപുരം: കനത്തമഴയിൽ ദുരിതമനുഭവിക്കുന്നവർക്ക് അവശ്യ സാമഗ്രികൾ എത്തിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച കളക്‌ഷൻ സെന്ററുകൾ സജീവമാകുന്നു. തുടക്കത്തിൽ തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ഇന്നലെ വൈകിട്ടോടെ കളക്‌ഷൻ സെന്ററുകൾ സജീവമാകുകായിരുന്നു. നൂറുകണക്കിന് വോളന്റിയർമാരാണ് വിവിധ കളക്‌ഷൻ സെന്ററുകളിൽ രാപ്പകൽ ഭേദമെന്യേ കർമ്മനിരതരായിട്ടുള്ളത്. വോളന്റിയേഴ്സ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ വീടുകളും കടകളും കേന്ദ്രീകരിച്ചും സാധനങ്ങൾ ശേഖരിക്കുന്നുണ്ട്. സന്നദ്ധ സംഘടനകൾ ശേഖരിക്കുന്ന സാധനങ്ങൾ നഗരസഭയുടെയും മറ്റും കളക്‌ഷൻ സെന്ററുകളിലെത്തിക്കുന്നുമുണ്ട്. നിലവിൽ ജില്ലയിൽ നിന്ന് 10 ലോഡിലധികം സാധനങ്ങളാണ് വയനാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കയറ്റി അയച്ചത്. മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ എസ്.എം.വി സ്കൂളിൽ ആരംഭിച്ച കളക്‌ഷൻ സെന്റർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ച് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി. ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കളക്ടർ കെ. ഗോപാലകൃഷ്ണനും അറിയിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്നലെ മാത്രം ആറ് ലോഡ് സാധനങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ രണ്ട് ലോഡ് സാധനങ്ങളും തിരുവനന്തപുരം പ്രസ് ക്ളബിന്റെ നേതൃത്വത്തിൽ ഒരു ലോഡ് സാധനങ്ങളുമാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് കയറ്റി അയച്ചത്. യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭാരത് ഭവനിൽ ശേഖരിച്ച സാധനങ്ങളുമായി ഇന്ന് രാവിലെ മലപ്പുറത്തേക്ക് ആദ്യ ലോഡ് പുറപ്പെടും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്യും. കൂടുതൽ പേർ സാധന സാമഗ്രികളുമായി കളക്‌ഷൻ സെന്ററുകളിലെത്തണമെന്ന് നഗരസഭയും ജില്ലാ ഭരണകൂടവും സന്നദ്ധ സംഘടനകളും അറിയിച്ചു.
കളക്‌ഷൻ സെന്ററുകൾ
തിരുവനന്തപുരം പ്രസ് ക്ളബ്, ഭാരത് ഭവനിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ കളക്‌ഷൻ സെന്റർ, വഴുതക്കാട് ഗവ. വനിതാ കോളേജ്, ടെക്‌നോപാർക്ക്, മാനവീയം വീഥി, കാര്യവട്ടം കാമ്പസ്, ഗവ. ആർട്‌സ് കോളേജ്, പട്ടം ഗവ. ഗേൾസ് സ്‌കൂൾ, പട്ടം സെന്റ് മേരീസ് സ്‌കൂൾ, യൂണിവേഴ്സിറ്റി കോളേജ്, ഗാന്ധിപാർക്ക്, ലാ കോളേജ്, വട്ടവിള ട്രാവൻകൂർ നാഷണൽ സ്‌കൂൾ, കോട്ടൺഹിൽ സ്കൂൾ തുടങ്ങിയവ
ആവശ്യമുള്ള സാധനങ്ങൾ
കുടിവെള്ളം, അരി, പയറുവർഗങ്ങൾ, ഡ്രൈ ഫ്രൂട്‌സ്, ബിസ്കറ്റ്, ഉപ്പ്, തേയില, പഞ്ചസാര, റെസ്‌ക്, ബേബി ഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണസാധനങ്ങൾ, ബെഡ്ഷീറ്റ്, തോർത്ത്, ലുങ്കി, നൈറ്റി, ടി ഷർട്ട്, അടിവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഉടുപ്പുകൾ തുടങ്ങിയ തുണിത്തരങ്ങൾ, പായ, ടോർച്ച്, മെഴുകുതിരി, ലൈറ്റർ, സാനിറ്ററി നാപ്കിൻ, മരുന്നുകൾ, സോപ്പ്, ആന്റി സെപ്ടിക് ലോഷനുകൾ, മോപ്പ്, ഗംബൂട്ട്, വൈപ്പർ, ഫിനോയിൽ, ബ്ലീച്ചിങ്ങ് പൗഡർ, മാസ്‌ക്, കൈയുറ, ചൂൽ, മെറ്റൽ ഷീൽഡ് (കോരി), കുമ്മായം, മൺവെട്ടി, കുട്ട, മെറ്റൽ ചൂല് ,ക്ലീനിങ്ങ് ലോഷനുകൾ തുടങ്ങിയവ.
പെട്ടെന്ന് നശിച്ചുപോകുന്ന ബ്രഡ്, ബൺ മുതലായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണമെന്നും പഴയതും ഉപയോഗ ശൂന്യവുമായ തുണിത്തരങ്ങൾ സ്വീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഹെൽപ്പ്ലൈൻ നമ്പരുകൾ: 9496434503, 95393 21711, 9961465454, 9497479423, 9895277257, 9446382728, 9074545556.