ചിറയിൻകീഴ്: ചിറയിൽകീഴ് കാട്ടുമുറാക്കൽ പാലത്തിന് സമീപത്തിലൂടെ ഇപ്പോൾ വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണ്. അത്രയും ദുർഗന്ധമാണ് ഇവിടെ. പാലത്തിന് താഴെ നിക്ഷേപിക്കുന്ന മാലിന്യത്തിൽ നിന്നും ഉയരുന്ന ദുർഗന്ധം കരണം പരാതിപറഞ്ഞ് മടുത്ത അവസ്ഥയിലാണ് നാട്ടുകാർ. രാത്രികാലങ്ങളിൽ ചാക്കുകളിലും കവറുകളിലും കെട്ടി അറവുമാലിന്യം ഉൾപ്പടെയുള്ള പാലത്തിന് താഴെ നിക്ഷേപിക്കുകയാണ് പതിവ്. ആട്ടോയിലും ബൈക്കുകലിലും പിക്അപ് വണ്ടികളിലും ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തുന്നവർ നിരവധിയാണ്. കവറിൽ കെട്ടിയ മാലിന്യങ്ങൾ കാക്കളും മറ്റും കൊത്തിവലിച്ച് പരിസരത്തെ കിണറുകളിലും മറ്റും കൊണ്ടിടുന്നതും പതിവാണ്. കൂടാതെ മലിനജലം ഉറവയായി സമീപത്തെ കിണറുകളിലേക്ക് എത്തുന്നതായും പരാതിയുണ്ട്. ചുരുക്കത്തിൽ ഇവിടുത്തെ മാലിന്യ നിക്ഷേപം ജനങ്ങളുടെ കുടിവെള്ളവും മുട്ടിക്കുകയാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ വേണമെന്നാവശ്യപ്പെട്ട് നിരവധി പേർ ബന്ധപ്പെട്ടവർക്ക് പരാതികൾ മുൻകാലങ്ങളിൽ നൽകിയെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് പരാതിക്കാർ തന്നെ പറയുന്നു.
മാലിന്യ നിർമാർജനം ചെയ്യാമുള്ള മാർഗമുണ്ടെങ്കിൽ മാത്രമെ അറവുശാലകൾക്ക് ലൈസൻസ് വിതരണം ചെയ്യാവൂ എന്ന നിയമം നിലനിൽക്കുമ്പോഴും പല പൗൾട്രിഫാമുകളും ഈ നിയമം പാലിക്കുന്നില്ലെന്നതാണ് സത്യം.
പൗൾട്രിഫാമിൽ നിന്നുളള വേസ്റ്റുകൾക്ക് പുറമേ മറ്റ് കച്ചവട സ്ഥാപനങ്ങളിൽ നിന്നുളള വേസ്റ്റുകളും വീടുകളിൽ നിന്നുളള മാലിന്യങ്ങൾ വരെ ഇവിടെ യഥേഷ്ടം ഇടാറുണ്ട്.
മാലിന്യങ്ങൾ കുന്നുകൂടിയതോടെ പുഴയിലെ വെള്ളത്തിന്റെ ഒഴുക്കിനെ തന്നെ ബാധിച്ചിട്ടുണ്ട്. മാലിന്യം കുന്നുകൂടി വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ ദുർഗന്ധവും വർദ്ധിച്ചു. ഒപ്പം കൊതുകുകളുടെ ആവാസ കേന്ദ്രവുമായി.
കാട്ടുമുറാക്കൽ പാലത്തിന് പുറമെ ശാർക്കര ആറ്, പുളിമൂട്ടിൽക്കടവ് തുടങ്ങിയ ഇടങ്ങളും നിലവിൽ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. മാലിന്യം നിക്ഷേപിക്കുന്ന വരെ കണ്ടെത്താൻ സി.സി.വിടി കാമാറകൾ സ്ഥാപിക്കുകയും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ അമിത തുക പിഴ ഈടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.