തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള കുപ്രചരണം നാടിനോടും ജനങ്ങളോടുമുള്ള ഹീനമായ കുറ്റകൃത്യമാണെന്നും സാമൂഹ്യവിരുദ്ധർ മാത്രമേ ഈ പണി ചെയ്യൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ ഏതെങ്കിലും രാഷ്ട്രീയ സംഘടനകൾ നടത്തുന്നതായി കരുതുന്നില്ല. സാമൂഹ്യവിരുദ്ധർക്ക് മാത്രമെ ഇങ്ങനെ ചെയ്യാനാവൂ. ഇത് ഗൗരവമായി കാണുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരിതങ്ങൾ ഉണ്ടാകുമ്പോൾ ആശ്വാസത്തിനുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. കഴിഞ്ഞ പ്രളയത്തിന് ശേഷം സമാഹരിച്ച തുക അതേനിലയിൽ ഉപയോഗിക്കുന്നുണ്ട്. അതിനെ പറ്റി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ദുരന്തത്തിന് ആനുപാതികമായ സഹായം ലഭിച്ചില്ലെന്നത് മറക്കരുത്. ദുരിതാശ്വാസ നിധിയിലേക്ക് ഭീമമായ സഹായമാണ് ലഭിച്ചത്. അത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. അതിൽ അസൂയ ഉള്ളവരാണ് കുപ്രചാരണം നടത്തുന്നത്. ഫണ്ട് ശേഖരണത്തെ രാഷ്ട്രീയക്കാർ എതിർക്കരുത്. എന്നാൽ, സാമൂഹ്യവിരുദ്ധ നിലപാടുള്ള രാഷ്ട്രീയക്കാരുണ്ടെങ്കിൽ അവർ ഇങ്ങനെയൊക്കെ ചെയ്യും. കേരളത്തിനകത്തും പുറത്തും ഒപ്പം സാമൂഹ്യമാദ്ധ്യമങ്ങളിലും കള്ളപ്രചരണം ഉണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പാവങ്ങളിൽ പാവങ്ങളായ ദുരിതബാധിതർക്ക് കൈത്താങ്ങാണ്
മലപ്പുറം ജില്ലയിൽ മാത്രം ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളും എൻജിനിയറിംഗ് വിഭാഗം, മദ്രാസ് റെജിമെന്റ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ സംഘവും മലപ്പുറം, വയനാട് ജില്ലകളിലായി രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ഒരു സംഘവുമുണ്ട്. വയനാട്ടിൽ ഏറ്റവും ദാരുണമായ ഉരുൾപൊട്ടലും നാശനഷ്ടവുമുണ്ടായ പുത്തുമലയ്ക്ക് മറുവശത്തായി മൂന്ന് വാർഡുകളിൽ 3000 പേരുണ്ട്. ഇവരിൽ 70 ശതമാനത്തെയും അതിസാഹസികമായി ജീപ്പുകളിൽ മറുകരയിലെത്തിച്ചു. ശേഷിക്കുന്നവരെ എത്രയും വേഗം മാറ്റും. റാണിമലയിൽ അറുപതോളം പേരെ വനത്തിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ച് മറുകരയിലെത്തിച്ചു. ശേഷിക്കുന്നവർക്കായി ഒരു താൽക്കാലിക ക്യാമ്പും സജ്ജമാക്കി. പുത്തുമലയിലെ ദുരന്തമേഖലയിൽ ഇനി എട്ടുപേരെയാണ് കണ്ടെത്താനുള്ളത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ടത് പൊലീസാണ്. നിലമ്പൂരിലെ അമ്പിട്ടാംപൊട്ടിയിലുണ്ടായ ഉരുൾപൊട്ടലിൽ നൂറോളം വീടുകളാണ് ഒലിച്ചുപോയത്. ആൾക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽ വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകൾ ഭക്ഷണമെത്തിക്കുന്നുണ്ട്. മഴ കുറഞ്ഞെന്ന് കരുതി ജാഗ്രത കുറയാൻ പാടില്ല. രണ്ടുദിവസം കൂടി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണം. മഹാപ്രളയത്തിൽ നിന്ന് വ്യത്യസ്‌തമായി നിലവിലെ ദുരന്തം സംസ്ഥാനത്തെമ്പാടും ബാധിച്ചിട്ടില്ല. മലയിടിച്ചിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. വെള്ളം കയറിയുള്ള ദുരന്തത്തേക്കാൾ ഇക്കുറി മഴയേൽപിച്ച ആഘാതം ഉരുൾപൊട്ടലായി മാറുകയായിരുന്നു. ഇതാണ് മരണസംഖ്യ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.