തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞതോടെ സൈന്യത്തിന്റെ സഹായത്തോടെ ഊർജ്ജിതമാക്കിയ രക്ഷാപ്രർത്തനത്തിൽ ഇന്നലെ വിവിധ ദുരന്ത മേഖലകളിൽ 19 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കനത്ത മഴയിലും ഉരുൾപൊട്ടലിലും മരണം 76 ആയി. കൊടിയ ദുരന്തം സംഭവിച്ച നിലമ്പൂർ കവളപ്പാറയിൽ ഇന്നലെ നാല് ജഡങ്ങൾ കൂടി കണ്ടെത്തി. മൊത്തം 13 മൃതദേഹങ്ങളാണ് ഇവിടെ കിട്ടിയത്. ഇനിയും അൻപതിലധികം പേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് കരുതുന്നത്. വയനാട് പുത്തുമലയിൽ10 മൃതദേഹങ്ങളും കണ്ടെത്തി.എട്ടു പേർക്കായുള്ള തിരച്ചിൽ
തുടരുകയാണ്. മഴ മാറിയതോടെ രണ്ടിടത്തും തിരച്ചിൽ ഊർജ്ജിതമാക്കി.
സംസ്ഥാനത്താകെ 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണുള്ളത്.കവളപ്പാറയിൽ ഏഴു വയസുകാരി അലീനയുടെ മൃതദേഹവും പുത്തുമലയിൽ തമിഴ്നാട് സ്വദേശി റാണിയുടെ (60) മൃതദേഹവും ഇന്നലെ മലപ്പുറം കോട്ടക്കുന്നിൽ കാണാതായ നാല് പേരിൽ രണ്ടു പേരുടെ മൃതദേഹങ്ങളും ഇന്നലെ കണ്ടെത്തി. കോഴിക്കോട് കുറ്റിയാടിയിൽ ഒരു മൃതദേഹം കണ്ടെത്തിയതോടെ ജില്ലയിലെ മരണം16 ആയി.കണ്ണൂർ പെർളശേരിയിൽ വെള്ളക്കെട്ടിൽകാണാതായ ഇക്ബാൽ (39) , കോട്ടയം മാണിക്കുന്നത്ത് തോട്ടിൽവീണ് കാണാതായ നന്ദു (19), ചിന്നക്കനാൽ ആനയിറങ്കൽ ഡാമിൽ വീണ് കാണാതായ ഈട്ടിക്കൽ സാബു (55) എന്നിവരുടെ മൃതദേഹങ്ങളും ഇന്നലെ കിട്ടി.മണ്ടേരി വാണിയമ്പുഴയിലെ ആദിവാസി കോളനിയിൽ കുടുങ്ങിയ 200 ആദിവാസികൾക്ക് സൈന്യം ഹെലികോപ്‌റ്ററിൽ ഭക്ഷണമെത്തിച്ചു. ഇവരിൽ ഒമ്പതു പേർ സാഹസികമായി പുഴ നീന്തിക്കടന്ന് പുറത്തെത്തി.
മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ട മുണ്ടേരി ഉൾപ്പെടെ പല ഭാഗങ്ങളിലും മിഗ് 17 വിമാനങ്ങളാണ് ഭഷണസാധനങ്ങൾ ഇട്ടുകൊടുത്തത്.
എറണാകുളം ജില്ലയിൽ 54 ക്യാമ്പുകളിലെ 3471 പേർ ഇന്നലെ വീടുകളിലേക്ക് മടങ്ങി. ജില്ലയിൽ 22,407 പേർ 113 ക്യാമ്പുകളിലുണ്ട്. കോട്ടയം ജില്ലയിൽ മീനച്ചലിൽ അഞ്ച് ക്യാമ്പുകൾ പിരിച്ചു വിട്ടപ്പോൾ വൈക്കത്ത് ഏഴുക്യാമ്പുകൾ കൂടി തുറന്നു.
വടക്കൻ കേരളത്തിൽ മഴ മാറി നിന്നതോടെ ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കണ്ണൂർ ജില്ലയിൽ വെള്ളപ്പൊക്കം രൂക്ഷമായിരുന്ന ശ്രീകണ്ഠാപുരം, ഇരിക്കൂർ, ചെങ്ങളായി, ഇരിട്ടി, ടൗണുകളിൽ നിന്ന് വെള്ളം ഇറങ്ങി. കണ്ണൂരിൽ 104 ക്യാമ്പുകളിലായി പതിനായിരത്തോളം പേരുണ്ട്. കാസർകോട് ജില്ലയിൽ മഴ പൂർണമായും മാറി. 28 ക്യാമ്പുകളാണ് ഇവിടെയുള്ളത്. കോഴിക്കോടിന്റെ മലയോരമേഖലകളിലും മുക്കം, കാരശേരി , ഭാഗങ്ങളിലും ജലനിരപ്പ് താഴ്ന്നു. കോഴിക്കോട് ജില്ലയിൽ 315 ഉം വയനാട്ടിൽ 197 ഉം മലപ്പുറത്ത് 187 ഉം പാലക്കാട് 80 ഉം ക്യാമ്പുകളഉണ്ട്. പാലക്കാട് ജില്ലയിൽ ഇടവിട്ട് നേരിയ മഴയുണ്ട്.
ഡാമുകളിൽ ആശങ്കയില്ല
കവിഞ്ഞൊഴുകിയ പുഴകളിലെ ജനിരപ്പ് താഴ്ന്നു തുടങ്ങി. അണക്കെട്ടുകളുടെ ഷട്ടറുകൾ താഴ്ത്തി തുടങ്ങി. കുറ്റിയാടി, ബാണാസുരസാഗർ, പെരിങ്ങൽകുത്ത് അണക്കെട്ടുകളാണ് നിറഞ്ഞിട്ടുള്ളത്.ഇടുക്കിയിലെ ജലസംഭരണം 36.61 ശതമാനമായി. പമ്പയിൽ 63.36 ശതമാനവും കക്കിയിൽ 38.13 ശതമാനവുമാണ് വെള്ളമുള്ളത്.
പെരിങ്ങൽകുത്തിൽ 67.03 ശതമാനമാണ് വെള്ളം. വൈദ്യുതി ബോർഡിന്റെ എട്ട് അണക്കെട്ടുകളും കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ അഞ്ച് ഇടത്തരം അണക്കെട്ടുകളുടെയും മൂന്ന് ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്.
റെഡ് അലർട്ടില്ല, എങ്കിലും ജാഗ്രത
ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാമെന്നും കൂറ്റൻ തിരമാലകളുണ്ടാകുമെന്നും ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇനിയും മഴ വരാം
മൺസൂൺ കാറ്റ് ശക്തമായി തുടരുകയാണ്.13, 14 തീയകളിൽ മലയോര മേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരള തീരത്തേക്ക് 13ന് എത്തിയാൽ രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. 15ന് മഴ കുറഞ്ഞു തുടങ്ങും.