pinarayi-vijayan

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോൾ സാധനങ്ങൾ ശേഖരിക്കേണ്ടെന്ന ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഉചിതമായ നിലപാടാണ് കളക്ടറുടേതെന്നും ശരിയായ ഒരു വസ്തുതയെ എത്രമാത്രം വക്രീകരിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ കാല‌വ‍ർഷക്കെടുതി ആരംഭിച്ച ദിവസമാണ് കളക്ടറെ ചിലർ വിളിച്ച് ദുരിതാശ്വാസ സാമഗ്രികൾ നൽകാമെന്ന് അറിയിച്ചത്. എന്നാൽ,​ ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് ശ്രദ്ധയെന്നും അവിടെ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ എത്തിക്കേണ്ടതില്ലെന്നും രണ്ട് ദിവസത്തിന് ശേഷം ആവശ്യം വരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ വേണ്ട എന്നു പറഞ്ഞതിനെ സഹായമേ വേണ്ട എന്ന തരത്തിൽ കളക്ടർ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കളക്ടർ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് എന്താണെന്ന് താൻ കേട്ടിരുന്നു. ഒരു തരത്തിലുള്ള തെറ്റിദ്ധാരണയ്ക്കും ഇടയില്ലാത്ത വിധമാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഫേസ്ബുക്കിലൂടെ ജില്ലാ കളക്ടർ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇപ്പോൾ വടക്കൻ കേരളത്തിൽ സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് കളക്ടർ പറഞ്ഞെന്ന് ആരോപണമുയർന്നത്. തുടർന്ന് കളക്ടർക്കുനേരെ രൂക്ഷവിമർശനവും ഉയർന്നു. അവശ്യസാധനങ്ങൾ വേണ്ടെന്ന കളക്ടറുടെ പ്രസ്താവന ജനങ്ങളെ നിരുത്സാഹപ്പെടുത്തിയെന്ന് മേയർ വി.കെ. പ്രശാന്തും വ്യക്തമാക്കിയിരുന്നു.