വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ളിൽ കയറുന്ന ബസുകളിലെ യാത്രക്കാർക്ക് നടുവേദന വന്നാൽ കുറ്റം പറയാനാകില്ല. കാരണം നടുവുളുക്കാൻ കാരണമായേക്കാവുന്ന എണ്ണമറ്റ അഗാധ ഗർത്തങ്ങളുണ്ട് ഈ ഡിപ്പോ കോമ്പൗണ്ടിൽ. ഒന്നും രണ്ടുമൊന്നുമല്ല യാത്രക്കാർക്ക് കെണിയൊരുക്കി കാത്തിരിക്കുന്നത്. കുഴികളിൽ പെടാതെ പോകണമെങ്കിൽ ബസുകളിൽ ചിറക് ഘടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ കമന്റ്. ബസ് ഡിപ്പോയിലെ പ്രവേശന കവാടത്തിനോട് ചേർന്ന് വൻഗർത്തങ്ങളുണ്ട്. ഓർക്കാപ്പുറത്ത് വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ യാത്രക്കാർ വീഴുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ്. ഇവിടത്തെ കുഴികളിൽ വീണ് ബസിന്റെ പാർട്സുകൾക്ക് കേടു വന്ന് യാത്ര മുടങ്ങുന്ന സംഭവവും നിരവധി. കുഴികളിൽ ചാടാതെ വാഹനങ്ങൾക്ക് ഡിപ്പോയിൽ പ്രവേശിക്കാനോ, പുറത്തേക്ക് പോവാനോ സാദ്ധ്യമല്ല. കുഴികൾ നികത്തണമെന്ന് യാത്രക്കാരും ജീവനക്കാരും പല തവണ അധികൃതരോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം കണ്ടില്ല. വെഞ്ഞാറമൂട് ഡിപ്പോയിലുള്ള എൺപതിൽപരം ബസുകൾക്കു പുറമേ മറ്റുസ്ഥലങ്ങളിൽ നിന്നും വരുന്ന നൂറ് കണക്കിന് ബസുകളും ഈ കുഴികൾ കയറിയിറങ്ങിയാണ് യാത്ര. മഴക്കാലങ്ങളിൽ കുഴികളിൽ വെള്ളത്തിനൊപ്പം മാലിന്യങ്ങളും നിറയും. നെല്ലനാട് പഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് വിട്ട് നൽകിയ സ്ഥലത്താണ് ഡിപ്പോ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് സ്ഥലം കെ.എസ്.ആർ.ടി.സിക്ക് വിട്ടുനൽകിയിട്ടുള്ളതിനാൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതും കെ.എസ്.ആർ.ടി.സി തന്നെയാണ്. ദുരിതാവസ്ഥ ജീവനക്കാരും എ.ടി.ഒയും പലവട്ടം ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് പരാതിയുണ്ട്.