airport

തിരുവനന്തപുരം: മൂന്നു ദിവസമായി അടച്ചിട്ടിരുന്ന നെടുമ്പാശേരി എയർപോർട്ടിൽ, വെള്ളം വാർന്നൊഴിഞ്ഞ റൺവേയിൽ ഇന്നലെ ഉച്ചയോടെ അബുദാബി- കൊച്ചി ഇൻഡിഗോ വിമാനത്തിന്റെ ചക്രങ്ങൾ വന്നുതൊട്ടു. കൊച്ചിയിൽ പൂർണമായും തടസപ്പെട്ടിരുന്ന വിമാനഗതാഗതം ഇതോടെ ഭാഗികമായി പുനരാരംഭിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും എയർപോർട്ടിനു ചുറ്റുമുള്ള കനാലിൽ നിറഞ്ഞുകിടക്കുന്ന വെള്ളം പമ്പ് ചെയ്തുമാറ്റാൻ ശ്രമം തുടരുന്നതേയുള്ളൂ. കൊച്ചിയിൽ നിന്ന് ഇന്ന് പുറപ്പെടേണ്ട ചില വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

വിവിധ ജില്ലകളിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും തടസപ്പെട്ടിരുന്ന ട്രെയിൻ ഗതാഗതവും ഇന്നലെ ഭാഗികമായി പുന:സ്ഥാപിച്ചു. ഷൊർണൂർ– പാലക്കാട് റെയിൽപ്പാത രാവിലെ 11-ന് തുറന്നു. എറണാകുളം – ബംഗളൂരു, ന്യൂഡൽഹി- കേരള, തിരുവനന്തപുരം – ഗുവാഹത്തി എക്സ്‌പ്രസ് ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് നടത്തി. റദ്ദാക്കുമെന്ന് അറിയിപ്പുണ്ടായിരുന്ന എറണാകുളം- ബനാസ്‌വാഡി എക്‌സ്പ്രസ് 4.50ന് പുറപ്പെട്ടു. ചെന്നൈ മെയിൽ 2.55 നും ഷാലിമാർ എക്‌സ‌്പ്രസ് 4-നും കൊച്ചുവേളി – ബംഗളൂരു എക്‌സ്പ്രസ് 4.45 നും യാത്ര തുടങ്ങി.

അതേസമയം ഷൊർണൂർ – കോഴിക്കോട് റെയിൽപ്പാതയിൽ തടസം തുടരുകയാണ്. ഇതുവഴിയുള്ള ദീർഘദൂര എക്‌സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ 26 വണ്ടികൾ റദ്ദാക്കി. കല്ലായി, ഫറോക്ക് പാലങ്ങളിൽ റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് സർവീസ് പുനരാരംഭിക്കാൻ അനുമതി നല്കിയില്ല.

രാവിലെ ഹൈദരാബാദ് ശബരി എക്‌സ്‌പ്രസും മുംബയ് ജയന്തി ജനതയും നാഗർകോവിൽ വഴി തിരിച്ചുവിട്ടു. കൊച്ചുവേളി പോർബന്തർ, ബാംഗളൂരു ഐലൻഡ്, മുംബയ് നേത്രാവതി എക്‌സ്പ്രസ് ട്രെയിനുകളും വൈകിട്ട് തിരുവന്തപുരത്തു നിന്ന് പുറപ്പെടുന്ന മാവേലി, മലബാർ, മംഗളൂരു എക്‌സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്. 12 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം- എറണാകുളം- തൃശൂർ പാതയിൽ സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.

1072, 9188293595, 9188292595 എന്നീ റെയിൽവേ ഹെൽപ് ലൈൻ നമ്പറുകളിൽ വിവരങ്ങൾ ലഭിക്കും.

വടക്കൻ ജില്ലകളിൽ താറുമാറായ റോഡ് ഗതാഗതവും ഇന്നലെ പുനരാരംഭിച്ചു. വെള്ളമിറങ്ങിത്തുടങ്ങിയതോടെ വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ വീണ്ടും ഓടിത്തുടങ്ങി. കോഴിക്കോട്– പാലക്കാട്ട് റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പുന:സ്ഥാപിച്ചു. വെള്ളക്കെട്ട് മാറാത്ത പാതകൾ ഒഴിവാക്കി യൂണിവേഴ്സിറ്റി, കോട്ടയ്ക്കൽ, പെരിന്തൽമണ്ണ വഴിയാണ് സർവീസ്. താമരശേരി ചുരം വഴിയള്ള ബത്തേരി– കോഴിക്കോട്,

മൈസൂരു– കോഴിക്കോട് ദേശീയപാത വഴിയുള്ള ബസ് സർവീസും പുനരാരംഭിച്ചു. മലപ്പുറം ജില്ലയിൽ മിക്ക റോഡുകളും ഇപ്പോഴും ഗതാഗതയോഗ്യമല്ലാതായതോടെ എല്ലാ റൂട്ടിലും സർവീസ് പുനരാരംഭിക്കാനാകാത്ത സ്ഥിതിയാണ്.

അതേസമയം കോട്ടയം- കുമരകം റോഡിൽ വെള്ളമുയർന്നതിനെത്തുടർന്ന് ഇതുവഴിയുള്ള സർവീസ് നിർത്തിവച്ചു. ആലപ്പുഴ- ചങ്ങനാശേരി എ.സി റോഡിലും ഗതാഗതം ഭാഗികമാണ്.