തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലേക്ക് നഗരസഭയിൽ നിന്ന് സഹായപ്രവാഹം തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 5 ലോഡ് സാധനങ്ങളാണ് നഗരസഭ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അയച്ചത്. ശനിയാഴ്ച രാത്രി രണ്ട് ലോഡ് സാധനങ്ങൾ വയനാട് മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിലേക്ക് അയച്ചതിന് പിന്നാലെ ഇന്നലെ കോഴിക്കോട്, നിലമ്പൂർ എന്നിവിടങ്ങളിലേക്ക് ഓരോ ലോഡും അയച്ചു. ആലപ്പുഴയിലും ചെങ്ങന്നൂരിലും എത്തിക്കുന്നതിനായി ഒരു ലോഡ് സാധനങ്ങളുമായി വാഹനം പുറപ്പെട്ടിട്ടുണ്ട്. മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ ഗ്രീൻ ആർമിയിലെ 500ഓളം യുവജനങ്ങളാണ് കളക്‌ഷൻ സെന്ററിൽ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നത്. ശനിയാഴ്ച സാധനങ്ങൾ കാര്യമായി എത്തിയിരുന്നില്ലെങ്കിലും ഇന്നലെ മുതൽ നഗരവാസികളിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. നഗരസഭാ ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിനായി വഴുതക്കാട് വനിതാകോളേജിലും ശേഖരണകേന്ദ്രം തുറന്നിട്ടുണ്ട്. ഇവിടെ രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തനം. മേയർ വി.കെ. പ്രശാന്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്‌ഷൻ സെന്ററുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക അറിയിക്കുന്നത്. സാധനങ്ങൾ കയറ്റിഅയയ്ക്കാനുള്ള ലോറികൾ കിട്ടാനില്ലാത്തത് നഗരസഭയ്ക്ക് വെല്ലുവിളിയാണ്. നിലവിൽ നഗരസഭയുടെ അ‌ഞ്ച് ലോറികളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ മടങ്ങിയെത്തിയാൽ മാത്രമേ അടുത്ത ലോഡ് അയയ്ക്കാനാകൂ.

ആവശ്യമുള്ള സാധനങ്ങൾ

കുട്ടികൾക്കുള്ള വസ്ത്രം, ഭക്ഷണം, അരി, പയർ, സാനിറ്ററി നാപ്കിൻ, മരുന്നുകൾ, സോപ്പ്, കൊതുകുവല, കൊതുകുതിരി, മെഴുകുതിരി, ടോർച്ച്, കുടിവെള്ളം, പെട്ടെന്ന് നശിക്കാത്ത പാക്കറ്റ് ഫുഡ്, മരുന്നുകൾ, പ്രഥമശുശ്രൂഷ സാധനങ്ങൾ, മോപ്പ്, ഗംബൂട്ട്, വൈപ്പർ, ഫിനോയിൽ, ബ്ലീച്ചിംഗ് പൗഡർ, മാസ്‌ക്, കൈയുറ, ചൂൽ, മണ്ണുകോരി, കുമ്മായം, മൺവെട്ടി, കുട്ട, മെറ്റൽ ചൂല്, ക്ലീനിംഗ്‌ ലോഷനുകൾ.

" തുടർന്നും നഗരവാസികളുടെ സഹായം പ്രതീക്ഷിക്കുകയാണ്. അതോടൊപ്പം ദീർഘദൂരയാത്രയ്ക്ക്

ലോറികൾ ആവശ്യമാണ്. ലോറി ഉടമകളുടെ സഹകരണവും വേണം."

-വി.കെ. പ്രശാന്ത്,​ മേയർ