തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും കാരണം താറുമാറായ ട്രെയിൻ ഗതാഗതം ഇന്ന് പൂർണമായും പുന:സ്ഥാപിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. അറ്റകുറ്റപ്പണി പൂർത്തിയായ ഷൊർണൂർ - പാലക്കാട് പാത ഇന്നലെത്തന്നെ തുറന്നു. ഷൊർണൂർ- കോഴിക്കോട് റൂട്ടിലെ പണികൾ ഇന്ന് തീരുമെന്നാണ് പ്രതീക്ഷ.
ട്രാക്കുകളിൽ വെള്ളം കയറി സിഗ്നൽ സംവിധാനം തകരാറിലായതും, നദികളിൽ വെള്ളമുയർന്ന് പലേടത്തും പാലങ്ങളുടെ അടിഭാഗത്ത് മുട്ടിയതുമാണ് സർവീസുകൾ നിർത്തിവയ്‌ക്കാൻ കാരണം. ഇന്നലെ 35 ട്രെയിനുകൾ പൂർണമായും, ഗംഗാനഗർ - കൊച്ചുവേളി അടക്കം ആറെണ്ണം ഭാഗികമായും റദ്ദാക്കി. സ്‌പെഷ്യൽ പാസഞ്ചർ സർവീസുകളെക്കാൾ ദീർഘദൂര സർവീസുകൾ പുന:സ്ഥാപിക്കാനാണ് റെയിൽവേയുടെ ശ്രമം.
തിരുവനന്തപുരത്തു നിന്ന് ഷൊർണൂർ വരെയും തിരിച്ചും ജനശതാബ്ദി എക്‌സ്‌പ്രസുകൾ ഓടുന്നുണ്ട്. നേരത്തേ കോയമ്പത്തൂരിൽ നിന്നു പുറപ്പെടുമെന്ന് അറിയിച്ചിരുന്ന തിരുവനന്തപുരം - കോർബ എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് നിന്നുതന്നെ ഇന്ന് സർവീസ് നടത്തും. റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ നൽകും. റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റെടുത്തവർ മൂന്നു ദിവസത്തിനകനും ഓൺലൈനായി ടിക്കറ്റെടുത്തവർ വ്യാഴാഴ്ചയ്ക്കകവും ഇതിന് അപേക്ഷ നൽകണം.