തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും കഴിഞ്ഞ വർഷത്തെ ഓർമ്മപ്പെടുത്തുന്ന ഇടവേളയാണോ ഇതെന്ന് പൊതുവേ ആശങ്കയുണ്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിനാണ് ശക്തമായ മഴയെ തുടർന്ന് ഇടുക്കി ഡാം എപ്പോൾ വേണമെങ്കിലും തുറക്കാം എന്ന നില വന്നത്. തുടർച്ചയായ മഴയിൽ 9ന് ജില്ലയിൽ തന്നെ ചിലയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പത്തിന് ഡാമിന്റെ അഞ്ചു ഷട്ടറും തുറന്നു. അതോടെ മഹാപ്രളയത്തിനു തുടക്കമായി. ഉരുൾപൊട്ടലുകൾ തുടരെത്തുടരെ ഉണ്ടായി താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കമായി. സംസ്ഥാനമാകെ കനത്ത മഴയും തുടങ്ങി.
12ന് മഴയൊന്നു ശമിച്ചെങ്കിലും 14ന് മഴ വീണ്ടും ശക്തി പ്രാപിച്ചു. 15ഓടെ സംസ്ഥാനമാകെ മുങ്ങാൻ തുടങ്ങി. ആദ്യം റാന്നി പട്ടണം മുങ്ങി. പിന്നെ ചെങ്ങന്നൂർ, പാണ്ടനാട്, ആറന്മുള, പാലക്കാട്, കുട്ടനാട്....
ഇപ്പോഴും എട്ടിനാണ് വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും ഉണ്ടായത്. 11നു മഴ ശമിച്ചിരിക്കുന്നു 13നും വീണ്ടും മഴയെന്ന മുന്നറിയിപ്പ് തന്നെ ഭയപ്പെടുത്തുന്നതാണ്. ഇനിയും ദുരന്തം വരുത്തരുതേ എന്ന പ്രാർത്ഥനയിലാണ് മലയാള നാട്