ശ്രീകാര്യം: ഉപജീവന മാർഗമെന്ന നിലയ്ക്ക് ആരംഭിച്ച പപ്പട നിർമ്മാണ യൂണിറ്റിന്റെ പപ്പടങ്ങൾക്ക് ഇലയിലെത്താൻ കഴിഞ്ഞില്ല. അതിനും മുൻപേ നിർമ്മാണ യൂണിറ്റ് പൂട്ടേണ്ടി വന്നു. വർഷങ്ങൾക്ക് മുമ്പ് ശ്രീകാര്യം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പൗഡിക്കോണം നേശമണി ഹാളിൽ പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ പർപ്പിടക നിർമ്മാണ യുണിറ്റിനാണീ ദുർവിധി നേരിട്ടത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയ സംരംഭം ആരംഭിച്ച ദിവസം തന്നെ അടച്ചുപൂട്ടുകയായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച യന്ത്രങ്ങൾ മിക്കതും തുരുമ്പെടുത്തു. ഇന്ന് അതേപ്പറ്റി ആരും ഒന്നും മിണ്ടുന്നതുമില്ല. കുറേപ്പേരുടെ സ്വപ്നങ്ങളാണ് ഈ തുരുമ്പെടുക്കുന്നത് എന്ന കാര്യം അധികൃതരും മറന്നു.
അന്ന് യൂണിറ്റ് പ്രവർത്തനത്തിനായി ശ്രീകാര്യം ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന പൗഡിക്കോണം മാർക്കറ്റിനോട് ചേർന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലെക്സിന്റെ രണ്ടാം നില ആധുനിക രീതിയിൽ സജ്ജീകരിച്ച് യൂണിറ്റിന്റെ പ്രവർത്തനത്തിനായി ഗ്രാമ പഞ്ചായത്ത് വിട്ടുനൽകുകയായിരുന്നു.
യന്ത്രങ്ങൾ സ്ഥാപിച്ച് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും പൂർത്തിയാക്കി. യന്ത്രങ്ങൾ നൽകിയ കമ്പനി അധികൃതർ 25 പേർക്ക് പരിശീലനവും നൽകി. എന്നാൽ നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ച ദിവസം തന്നെ യന്ത്രങ്ങളുടെ സാങ്കേതിക തകരാർ മൂലം ശരിയായ രീതിയിൽ മാവ് കുഴച്ചെടുക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല പപ്പടത്തിന് പകരം ഉത്പാദിച്ച് വന്ന ഉത്പന്നം ചപ്പാത്തിയുടെ വലുപ്പത്തിലുമായിരുന്നു. യന്ത്രത്തകരാർ മൂലം പപ്പട യൂണിറ്റിന്റെ പ്രവർത്തനം അന്ന് തന്നെ നിറുത്തിവച്ചു. സാങ്കേതിക തകരാർ പരിഹരിക്കാം എന്ന് പറഞ്ഞുപോയ കമ്പനി പിന്നെ തിരിഞ്ഞുനോക്കിയില്ല. പത്തുലക്ഷം രൂപ കമ്പനിക്ക് നൽകിയ ജില്ലാ പഞ്ചായത്താകട്ടെ, അതെന്താണെന്ന് അന്വോഷിച്ചതുമില്ല. 2010 ൽ ശ്രീകാര്യം ഗ്രാമ പഞ്ചായത്ത് ഉൾപ്പെടെ നഗരസഭയിൽ ലയിച്ചതോടെ പദ്ധതി വിസ്‌മൃതിയിലാകുകയും ചെയ്തു.
അവസ്ഥ ഇങ്ങനെ
കുടുംബശ്രീയിലെ 25 വനിതകൾ ചേർന്ന് ഒരു ലക്ഷത്തിലധികം രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് നിർമ്മാണയൂണിറ്റിനാവശ്യമായ പാത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങിയത്. ഈ തുക തിരിച്ചടയ്ക്കാൻ പാത്രങ്ങൾ വിലയിട്ട് വിറ്റ ശേഷം ബാക്കി തുക കൂടി കൈകളിൽനിന്ന് എടുത്ത് അടച്ച് ബാങ്കിന്റെ വായ്പ നടപടികളിൽ നിന്നൊഴിവായി.
നഗരസഭയായി രണ്ട് ഭരണസമിതികളിലായി എട്ടുവർഷം കഴിയുമ്പോഴും ജില്ലാ പഞ്ചായത്തോ നഗരസഭയോ കുടുംബശ്രീ മിഷനോ പത്തുലക്ഷം രൂപ മുടക്കി ഇവിടെ സ്ഥാപിച്ച് തുരുമ്പെടുക്കുന്ന മിഷനറികളെക്കുറിച്ച് ഒരക്ഷരം മിണ്ടുകയോ എന്തെങ്കിലും അന്വോഷണം നടത്തുകയോ ചെയ്തില്ല. സർക്കാരിന്റെ ഓഡിറ്റ് സംവിധാങ്ങളൊന്നും ഇതേക്കുറിച്ച് എന്തെങ്കിലും മിണ്ടിയതായും അറിയില്ല.
ഈ പദ്ധതിയുടെ പാളിച്ചയെക്കുറിച്ച് അന്വോഷണം നടത്തി കമ്പനിയുടെ പേരിൽ നടപടി സ്വീകരിച്ച് പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.--എ.പി. മുരളി, മുൻ ശ്രീകാര്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പദ്ധതി:
2009 -10 ലെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി യന്ത്രവത്കൃത പപ്പട നിർമ്മാണ യൂണിറ്റിന് തുടക്കം കുറിച്ചു.
നടത്തിപ്പ്:
ഗ്രാമ പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പേരടങ്ങിയ അംഗങ്ങളുടെ ഗ്രൂപ്പ്.
ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്: 10 ലക്ഷം
ക്യാപ്‌ഷൻ: തുരുമ്പെടുത്ത് നശിക്കുന്ന യന്ത്രങ്ങൾ.