rebuild-kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം മറ്റ് ആവശ്യങ്ങളുടെ പേരിൽ ധൂർത്തടിക്കുന്നുവെന്ന പ്രചാരണം നുണയാണെന്ന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ. വേണുവിന്റെ

ഫേസ്ബുക്ക് പോസ്റ്ര്. പ്രളയ ദുരന്തത്തിനായി വന്ന ഫണ്ട് വകമാറ്രി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷത്തെ പ്രളയത്തോടനുബന്ധിച്ച് തുടങ്ങിയതല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്. ഏത് ദുരന്തത്തിനും സഹായം നൽകാനുള്ളതാണ്. ദുരന്തങ്ങളുടെയോ അപേക്ഷയുടെയോ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുക.

പ്രളയദുരിതങ്ങൾക്കായി സമാഹരിച്ച ഫണ്ട് പ്രത്യകം കണക്കായി സൂക്ഷിക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വിവരങ്ങൾ തീർത്തും സുതാര്യമാണ്. https://donation.cmdrf.kerala.gov.in/ എന്ന വെബ്സൈറ്റിൽ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ ലഭ്യമാണ്.

മറ്റെല്ലാ സർക്കാർ ഫണ്ടുകൾ പോല ഇതും ആഡിറ്റിംഗിന് വിധേയമാണ്. സി.എ.ജി ആഡിറ്റ് റിപ്പോർട്ടിന് സർക്കാർ നിയമസഭയിൽ മറുപടി പറയേണ്ടതുമാണ്. പ്രളയ ഫണ്ട് മുഖ്യമന്ത്രിക്ക് ഒപ്പിട്ട് എടുത്തു ചെലവഴിക്കാമെന്ന പ്രചാരണവും തെറ്രാണ്. ഓരോ തുകയും ട്രഷറിയിലൂടെയാണ് അക്കൗണ്ടിലേക്ക് വരുന്നത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്കല്ല, മറിച്ച് ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് പണമെത്തുന്നത്. പണം ചെലവഴിക്കുന്നതാവട്ടെ റവന്യൂ വകുപ്പും. ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് റീബിൽഡ് കേരള ഓഫീസ് പ്രവർത്തനത്തിന് ആഡംബര കെട്ടിടം വാടകയ്ക്ക് എടുത്തുവെന്ന ആരോപണവും ശരിയല്ല. സർക്കാർ വാടകയ്ക്ക് എടുത്തിട്ടുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഉടമസ്ഥൻ മുട്ടട സ്വദേശി കെ.വി. മാത്യുവാണ്, അല്ലാതെ ലക്ഷ്മിനായരല്ലെന്നും അദ്ദേഹം പറഞ്ഞു.