ഉച്ചക്കട: സഹോദരന്റെ പുത്രിയെ കാണാൻ അനുവദിക്കാത്തതിനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെതിരെ ബാലരാമപുരം ഉച്ചക്കട പയറ്റുവിള പുലിവിള വീട്ടിൽ എസ്. സന്തോഷ് (28) ഉച്ചക്കട ജംഗ്ഷനിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. സന്തോഷിന്റെ സഹോദരൻ രാജേഷ് മൂന്നുവർഷം മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു. പനയറക്കുന്ന് സ്വദേശിയാണ് രാജേഷിന്റെ ഭാര്യ. രാജേഷിന്റെ മകൾ ഇവർക്കൊപ്പമാണ് താമസം. ഭർത്താവിന്റെ മരണത്തോടെ രണ്ടാംവിവാഹം ചെയ്ത യുവതിയും ഇപ്പോഴത്തെ ഭർത്താവും രാജേഷിന്റെ മകളെ കാണാൻ രാജേഷിന്റെ മാതാപിതാക്കളെ ഉൾപ്പെടെ അനുവദിക്കുന്നില്ലെന്നാണ് പരാതി.
സ്കൂളിൽ പോയി മുമ്പ് കുട്ടിയെ കണ്ടിരുന്നെങ്കിലും ഇവരുടെ എതിർപ്പ് കാരണം ഇപ്പോൾ അതിനും സാധിക്കുന്നില്ല. സഹോദരന്റെ മകളെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ രാജേഷിന്റെ കുടുംബം പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് മരപ്പണിക്കാരനായ സന്തോഷ് കഴിഞ്ഞദിവസം സത്യാഗ്രഹം ആരംഭിച്ചത്. ചേട്ടന്റെ മകളെ കാണാൻ അനുവദിക്കും വരെ സമരം തുടരുമെന്ന് സന്തോഷ് പറയുന്നു.