പൂവാർ: കാഞ്ഞിരംകുളത്തിന്റെ കലാ -കായിക, സാംസ്കാരിക ചരിത്രത്തിലമ്പാടും നിറഞ്ഞ് നിൽക്കുന്ന ഒന്നാണ് കാഞ്ഞിരംകുളം ഹൈസ്കൂൾ ഗോൾഡൻ ജൂബിലി സ്റ്റേഡിയം.
കഴിഞ്ഞ 60 വർഷക്കാലമായി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജിലയിലെ കായിക മത്സരങ്ങൾ അരങ്ങേറുന്നത് ഇവിടെയാണ്.കൂടാതെ താലൂക്കിലെ സോർട്സ് ക്ലബുകളുടെ മത്സരവേദിയും ഈ സ്റ്റേഡിയം തന്നെയാണ്. ഇതൊക്കെയാണെങ്കിലും സ്റ്റേഡിയത്തിന്റെ വികസനത്തിനും സംരക്ഷണത്തിനുമായി എന്ത് ചെയ്യാൻ കഴിഞ്ഞൂ എന്നാണ് കായിക പ്രേമികളും നാട്ടുകാരും ചോദിക്കുന്നത്.1959 ഫെബ്രുവരി 4 നാണ് കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും സിനിമാ നടൻ സത്യനും ചേർന്ന് സ്റ്റേഡിയം നാടിന് സമർപ്പിച്ചത്. ഇന്നിപ്പോൾ കാലഘട്ടത്തിനനുസരിച്ചുള്ള വികസനം ആവശ്യമുള്ള ഒന്നായി സ്റ്റേഡിയം മാറി. ഇക്കാലയളവിനുള്ളിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം 4 ലക്ഷം രൂപ ചെലവിട്ട് സ്ത്രീകൾക്കായി ഒരു ടോയ്ലറ്റ് നിർമ്മിച്ചു.കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ഇപ്പോൾ ആണുങ്ങൾക്കായുള്ള ടോയ്ലറ്റ് നിർമ്മിക്കുകയാണ്.സ്റ്റേഡിയം നിലനിൽക്കുന്ന ഭാഗത്ത് ഒരു ടവർ ലൈറ്റ് വേണമെന്ന ആവശ്യം ജനപ്രതിനിധികൾ പോലും ചെവിക്കൊണ്ടിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്.ഗ്യാലറികളെല്ലാം മഴയിൽ കുതിർന്ന് ഇളകി മാറി. ഇതിന് ഒരു മേൽക്കൂര വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.അടിയന്തരമായി ഗാലറി നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.