കഴക്കൂട്ടം (തിരുവനന്തപുരം): തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കണമെന്നത് എല്ലാ സ്ഥാനാർത്ഥികളുടേയും സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒറ്റമൂലിയെ കുറിച്ച് പറയുകയാണ് ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പ്രവർത്തിക്കുന്ന 'അലാഡി'ന്റെ മാനേജിംഗ് ഡയറക്ടറായ നിഷാന്ത് നാരായണൻ. ജീവനും ജീവിതവും നിലനിറുത്താൻ പരസ്പര പൂരകമായി പ്രവർത്തിക്കുന്ന പഞ്ചഭൂതങ്ങളെ ആസ്പദമാക്കി വാസ്തു ശാസ്ത്രവും സംഖ്യാ ശാസ്ത്രവും സമന്വയിപ്പിച്ച് നടത്തുന്നതാണ് ഈ ഒറ്റമൂലി.
സ്ഥാനാർത്ഥിയുടെ പേര്, പേരിലെ അക്ഷരങ്ങളുടെ എണ്ണം, ജനന തീയതി, ജനിച്ച സ്ഥലം, ഇപ്പോൾ താമസിക്കുന്ന വീടിന്റെ വിസ്തീർണം, വോട്ടർമാരുടെ എണ്ണം, വോട്ടർമാരിലെ സ്ത്രീ പുരുഷ അനുപാതത്തിലെ അന്തരം തുടങ്ങി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട സകലതിനേയും അതിസൂക്ഷ്മമായി പഠിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഒറ്റമൂലി പ്രയോഗിക്കുന്നത്.
ഇതൊരു പുതിയ കണ്ടുപിടിത്തമല്ല. പണ്ടത്തെ രാജാക്കന്മാർ അധികാരം നിലനിറുത്താനും പിടിച്ചെടുക്കാനും ശത്രുരാജ്യങ്ങളെ ആക്രമിക്കുന്നതിന് മുമ്പ് സേനാംഗങ്ങൾക്ക് ആത്മബലം പകരാനും വാസ്തു ശാസ്ത്രത്തിൽ അധിഷ്ഠിതമായ ഇത്തരം പ്രയോഗങ്ങൾ നടത്തിയിരുന്നുവെന്ന് നിഷാന്ത് നാരായണൻ പറയുന്നു. തുല്യ ശക്തികളായ സ്ഥാനാർത്ഥികൾ ആണെങ്കിൽ വാസ്തു ശാസ്ത്ര വിദ്യ ഉപയോഗിക്കുന്നയാൾ നൂറു ശതമാനം വിജയിക്കും എന്നാണ് നിഷാന്ത് നാരായണൻ അവകാശപ്പെടുന്നത്.
കണ്ണൂരിലെ താണ സ്വദേശിയായ നിഷാന്ത് നാരായണൻ കഴിഞ്ഞ ഇരുപത്തിനാല് വർഷമായി ദുബായിലാണ് ജോലി നോക്കുന്നത്. ദുബായ്, ഒമാൻ, മാൾട്ട, കസാഖിസ്ഥാൻ, സ്വിറ്റ്സർലൻഡ്, സ്പെയിൻ, മൊസാംബി എന്നീ വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളുടെ കുടുംബാംഗങ്ങളുടെ വാസ്തു ഉപദേശകൻ കൂടിയാണ് നിഷാന്ത് നാരായണൻ.