health

വാഷിംഗ്ടൺ: ദിവസം മൂന്നുകപ്പിലധികം കാപ്പികുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ, മൈഗ്രേൻ തൊട്ടുപുറകേ ഉണ്ട്. ഹാർ‌വാഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം വിഗദ്ധർ നടത്തിയ പഠനത്തിലാണ് കാപ്പിയും മൈഗ്രേനും തമ്മിലുള്ള ബന്ധം വ്യക്തമായത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീനാണ് പ്രധാന വില്ലനെന്നാണ് ഗവേഷകർ പറയുന്നത്.

പലപ്രായത്തിലുള്ള 98പേരിലാണ് പഠനം നടത്തിയത്. കാപ്പിയേ കഴിക്കാത്തവരും ദിവസം മൂന്നുകപ്പ് കാപ്പിയിൽ കൂടുതലും കുറച്ചും കഴിക്കുന്നവരും ഇതിലുണ്ടായിരുന്നു. കാപ്പി കുടിക്കാത്തവരിലും നിത്യവും ഒന്നോരണ്ടോ കപ്പ് കാപ്പികുടിക്കുന്നവരിലും മൈഗ്രേൻ പ്രശ്നമുണ്ടാക്കുന്നില്ലെന്ന് വ്യക്തമായി.

എന്നാൽ മൂന്നുകപ്പോ അതിൽ കൂടുതലോ കുടിക്കുന്നവരിൽ മൈഗ്രേൻ കൂടുതൽ ബാധിക്കുന്നുവെന്ന് മനസിലായി.

കഫീൻ ശരീരത്തിൽ കൂടുതൽ എത്തുന്നതാണ് പ്രശ്നമെന്നാണ് ഗവേഷകർ പറയുന്നത്. കഫീൻ കൂടുതലാവുന്നതോടെ ഉറക്കം നഷ്ടപ്പെടുന്നതാണ് മൈഗ്രേൻ വലവീശി എന്നുള്ളതിന്റെ ആദ്യ തെളിവ്. ക്രമേണ ഉറക്കം തീരെയില്ലാതാവുകയും മൈഗ്രേൻ പിടിമുറുക്കുകയും ചെയ്യുന്നു. ഇതിനൊപ്പം മാനസിക സമ്മർദം പോലുള്ള പ്രശ്നങ്ങളും ഇവരിൽ ഉണ്ടാകുന്നു. കാപ്പികുടി കുറയ്ക്കുന്നതോടെ ഇൗ പ്രശ്നങ്ങളിൽ നിന്നെല്ലാം സ്വാഭാവികമായ മോചനം ലഭിക്കുകയും ചെയ്യും. നേരത്തേയുള്ള ചില പഠനങ്ങളിൽ പതിവായി കാപ്പികുടിക്കുന്നത് ഉന്മേഷം നൽകുമെന്ന് വ്യക്തമായിരുന്നു.