നേമം: ശക്തമായ മഴയിൽ വെള്ളായണി പുഞ്ചക്കരി പാടശേഖരത്തിൽ വെള്ളം കയറി അഞ്ച് ഹെക്ടറോളം നെൽക്കൃഷി പൂർണമായും നശിച്ചു. നിലമക്കരി പാടശേഖരത്തിൽ കയറിയ വെള്ളം ബണ്ട് തകർത്താണ് പുഞ്ചക്കരി പാടത്തേക്ക് ഇരച്ചുകയറിയത്. പുഞ്ചക്കരിയിൽ 30 ദിവസം മുമ്പാണ് വിനോദ്, അനിൽ, സേതുനാഥ് എന്നിവർ കൃഷിയിറക്കിയത്. പാടശേഖര സമിതി കൺവീനർ ചന്ദ്രാനന്ദൻ, നേമം പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒ മതിമാൻ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാടം നിറഞ്ഞുകിടക്കുന്ന വെള്ളം മധുപാലം വലിയതോട്ടിലേക്ക് പമ്പ് ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കൺവീനർ ചന്ദ്രാനന്ദൻ പറഞ്ഞു. കല്ലിയൂർ പഞ്ചായത്ത് അധികൃതരെ കൂടാതെ നേമം കൃഷി ഓഫീസർ, ആർ.ഡി.ഒ എന്നിവരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. നെൽക്കൃഷി പൂർണമായും നശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.