ഒരു വർഷത്തിനിടെ രണ്ടാമതും കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയത്തിന് ശമനമുണ്ടായിക്കൊണ്ടിരിക്കുകയാണെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടിനും വേദനയ്ക്കും ഒരു കുറവുമില്ല. വിവിധ ജില്ലകളിൽ തുറന്ന ആയിരത്തിഎഴുനൂറിലധികം ക്യാമ്പുകളിലായി രണ്ടരലക്ഷത്തില്പരം പേരാണ് കഴിയുന്നത്. എൺപതോളം മരണമാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത്. ഉരുൾപൊട്ടലുകളെത്തുടർന്നുണ്ടായ മണ്ണിടിച്ചിലുകളിൽ അൻപതിലേറെപ്പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി ദുരന്തനിവാരണസേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.മഴയ്ക്ക് കാര്യമായ ശമനമുണ്ടായതാണ് ഏക ആശ്വാസം. എങ്കിലും ഇന്നും നാളെയുമായി വീണ്ടും മഴ ശക്തിപ്രാപിച്ചേക്കാമെന്ന മുന്നറിയിപ്പ് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.
2018 ലെ പ്രളയദുരന്തത്തിൽ നിന്ന് പകുതിപോലും കരകയറാനാകാതെ നിൽക്കുമ്പോഴാണ് ഒരിക്കൽക്കൂടി അതേ സാഹ്യചര്യങ്ങൾ നേരിടേണ്ടി വന്നിരിക്കുന്നത് . സമചിത്തതയോടും നിശ്ചയദാർഢ്യത്തോടും കൂടി ദുരന്തത്തെ നേരിടുകയല്ലാതെ മറ്റു വഴിയൊന്നുമില്ല. അതിനായുള്ള കഠിനപ്രയത്നത്തിലാണ് നാടും നാട്ടാരും. മറ്റു പരിഗണനകളും വ്യക്തിഗത താത്പര്യങ്ങളുമൊക്കെ തത്കാലം മാറ്റിവച്ച് ദുരന്തമനുഭവിക്കുന്ന വരെ നാനാവഴിക്കും സഹായിക്കുക എന്നതാണ് ഇൗ അവസരത്തിൽ ആവശ്യം. ആരും ആവശ്യപ്പെടാതെ തന്നെ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലും അതിനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാവശ്യമായ സാധനങ്ങൾ വൻതോതിൽ സംഭരിക്കാൻ സാധിക്കുന്നത് ജനങ്ങളുടെ കൂട്ടായ പ്രവർത്തനം കാരണമാണ്. ആപത്തിൽപെട്ടവർക്ക് സഹായം എത്തിക്കാൻ മലയാളി സമൂഹം ഒരുകാലത്തും അറച്ചുനിന്നിട്ടില്ല. പേമാരിയിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കഴിഞ്ഞ പ്രളയകാലത്തെന്ന പോലെ വൻതോതിൽ ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണം നടന്നുകൊണ്ടിരിക്കുകയാണ്. ലഭിക്കുന്ന സാധന സാമഗ്രികൾ അപ്പപ്പോൾ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിലും സംഘാടകർ ശ്രദ്ധ പുലർത്തുന്നുണ്ട്.
സംസ്ഥാനം വലിയൊരു ദുരന്തത്തിൽപ്പെട്ട് സ്തബ്ധമായി നിൽക്കുന്നതിനിടയിലും സങ്കുചിതത്വങ്ങളിൽ നിന്ന് മോചിതരാകാതെ ജനങ്ങളിൽ ഒരുവിഭാഗം ഇവിടെ ഉണ്ടെന്നുള്ളത് ദുഃഖകരമായ യാഥാർത്ഥ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്ന ദുഷ്പ്രചാരണങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത്. പ്രകൃതിദുരന്തത്തിൽ ലക്ഷക്കണക്കിനു പേർ തീവ്രദുഃഖമനുഭവിക്കുന്ന വേളയിൽ അവരെ തങ്ങളാലാകും വിധം സഹായിക്കേണ്ടതിനു പകരം സർക്കാരിനെ വിമർശിക്കാനും പരിഹസിക്കാനും വിഷംവമിപ്പിക്കുന്ന പ്രചാരണത്തിലേർപ്പെടാനും ശ്രമിക്കുന്നത് വലിയ ക്രൂരത തന്നെയാണ്. സമൂഹ മാദ്ധ്യമങ്ങൾ കഴിഞ്ഞ പ്രളയകാലത്ത് ചെയ്ത മഹത്തായ സേവനങ്ങൾ ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയതാണ്. ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തി രക്ഷിക്കുന്നതിലും വൻതോതിൽ സംഭാവനകൾ എത്തിക്കുന്നതിലും സാധന സാമഗ്രികൾ സംഭരിക്കുന്നതിലും സന്നദ്ധപ്രവർത്തകരുടെ ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിലുമൊക്കെ അനന്യസാധാരണമായ സേവനമാണ് സമൂഹമാദ്ധ്യമങ്ങൾ കാഴ്ചവച്ചത്. ദുരിതത്തിൽപ്പെട്ട് കഴിയുന്നവരുടെ കണ്ണീർ തുടയ്ക്കേണ്ട ഇൗ സമയത്ത് സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ആവുംവിധം സഹായിക്കുക എന്നതാണ് ഒാരോ പൗരന്റെയും കടമ. വ്യക്തിപരമായ കാരണങ്ങളാൽ അതിന് കഴിയാത്തവർക്ക് മാറിനിൽക്കാനും അവകാശമുണ്ട്. എന്നാൽ ഇൗ സാമൂഹ്യബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറി നിന്ന് കുറ്റംപറയാൻ വേണ്ടിമാത്രം സമൂഹ മാദ്ധ്യമത്തെ ഉപയോഗപ്പെടുത്തുന്നവർ സമൂഹത്തോട് വലിയ ദ്റോഹമാണ് ചെയ്യുന്നത്. സമൂഹമാദ്ധ്യമങ്ങൾ സാമൂഹ്യവിരുദ്ധ മാദ്ധ്യമങ്ങളായി മാറിയാലുണ്ടാകുന്ന അപകടം ഉദ്ദേശിക്കുന്നതിനെക്കാൾ വലുതാണ്. സുരക്ഷിതമായ സ്ഥലങ്ങളിലിരുന്ന് ഒാരോന്ന് കുറിച്ചുവിടുന്ന വികല മനസുകൾ സമൂഹത്തിന് ശാപമാണ്. സർക്കാരിനെ ലക്ഷ്യമാക്കിയാണ് അവരുടെ വിമർശനങ്ങളെങ്കിലും അത് ചെന്നുകൊള്ളുന്നത് പ്രളയ ദുരിതമനുഭവിക്കുന്നവരെയാണെന്ന കാര്യം മറക്കരുത്. ദുരിതാശ്വാസ യത്നങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരുവിധ പ്രചാരണവും ഉണ്ടാകാൻ പാടില്ലാത്തതാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞുകിട്ടിയ തുകയുടെ വിനിയോഗത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നതിനെതിരെ മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പരാതി ഉന്നയിച്ചിരുന്നു. സാമൂഹ്യവിരുദ്ധർക്ക് മാത്രമേ ഇത്തരത്തിൽ ഒരു അപവാദ പ്രചാരണം അഴിച്ചുവിടാൻ കഴിയൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വാസ്തവമാണത്. ഇൗ സമയത്ത് സമൂഹത്തിന്റെ കണ്ണീരൊപ്പാൻ നിൽക്കാതെ സർക്കാരിന്റെ കുറ്റവും കുറവും കണ്ടുപിടിക്കാനുള്ള വ്യഗ്രത മനോവൈകല്യത്തിന്റെ ലക്ഷണം തന്നെയാണ്. രാഷ്ട്രീയക്കുശുമ്പ് പുറത്തെടുക്കേണ്ട സന്ദർഭം ഇതല്ല.
ഇപ്പോഴും മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്നവർക്കു വേണ്ടി രക്ഷാപ്രവർത്തകർ അത്യദ്ധ്വാനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആക്ഷേപങ്ങളുണ്ടാകാതെ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തികൊണ്ടു പോകുന്നതിന്റെ പങ്കപ്പാട് എല്ലാവരും മനസിലാക്കണം. പരിമിതികളും നോട്ടക്കുറവും സഹായമെത്തുന്നതിലെ കാലതാമസവുമൊക്കെ ഇത്തരം സന്ദർഭങ്ങളിൽ സംഭവിക്കാവുന്നതാണ്. സംസ്ഥാനത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളെ ബാധിച്ച പ്രളയത്തെ നേരിടുകയെന്നത് അത്ര എളുപ്പമായ കാര്യമല്ല.മൂന്ന് ജില്ലകളിലായി മൂന്നുനാലു ദിവസത്തിനിടെ ഉണ്ടായത് എൺപതിലധികം ഉരുൾപൊട്ടലുകളാണ്. വെള്ളപ്പൊക്കം നേരിടുന്നതിനെക്കാൾ എത്രയോ ശ്രമകരവും അത്യദ്ധ്വാനവും വേണ്ടിവരുന്നതുമാണ് ഉരുൾപൊട്ടൽ സൃഷ്ടിക്കുന്ന മഹാദുരന്തം നേരിടുക എന്നത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് വൻതോതിൽ പണവും ആൾസഹായവുമൊക്കെ ആവശ്യമായി വന്നിരിക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് ആരും ആവശ്യപ്പെടാതെ തന്നെ ദുരിതാശ്വാസ നിധി ആവോളം നിറയ്ക്കാൻ മുന്നോട്ടുവന്ന ജനങ്ങളും സംഘടനകളും ഇത്തവണയും അവസരത്തിനൊത്തു ഉയരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.