തിരുവനന്തപുരം: മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങൾ നേരത്തെ കണ്ടെത്തുന്നതിനായി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇത്തരം സ്ഥലങ്ങളെ പ്രത്യേകം മേഖലകളാക്കി തിരിക്കുന്ന മാപ്പിംഗ് അടുത്ത വർഷത്തോടെ പൂർത്തിയാകും. മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ ഭൂവിനിയോഗത്തിനായി പ്രത്യേകം മേഖലകൾ തിരിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണിത്. ഇത്തരത്തിൽ ദുരന്തത്തെ ഫലപ്രദമായി നേരിടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യയിലാകെ 4.2 ലക്ഷം ചതുരശ്ര കിലോമീറ്രർ സ്ഥലമാണ് മാപ്പിംഗ് നടത്തുക. കേരളത്തിൽ മാത്രം 19,326.92 ചതുരശ്ര കിലോമീറ്രർ സ്ഥലത്ത് മാപ്പിംഗ് നടത്തും. ഭൂമിയുടെ ചരിവ്, മണ്ണിന്റെ ഘടന, ജലമൊഴുക്കിന്റെ ഗതി എന്നിവ കണക്കാക്കിയാണ് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യത കണക്കാക്കുന്നത്.
കേരളത്തിൽ 4,130 ചതുരശ്ര കിലോമീറ്രർ 2015-16ലും 4,822 ചതുരശ്ര കിലോമീറ്രർ 2016-17ലും 4,470 കിലോമീറ്രർ പ്രദേശത്ത് 2017-18ലും മാപ്പിംഗ് പൂർത്തിയാക്കിയിരുന്നു. ഇനി 5,940 ചതുരശ്ര കിലോമീറ്രറിലാണ് പൂർത്തിയാവാനുള്ളത്. മണ്ണിടിച്ചിൽ ഇൻവെന്ററിയാണ് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ തയാറാക്കുക. ജിയോഗ്രാഫിക്കൽ മാപ്പും തയാറാക്കും. കേരളത്തെ, ജനവാസ കേന്ദ്രങ്ങളും റോഡുകളും ഉൾപ്പെടുന്ന ഒന്നാം പരിഗണനാ ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്രവും ഉയർന്ന മലമ്പ്രദേശങ്ങളും മഞ്ഞുമലകളും ഉള്ള സ്ഥലങ്ങൾ രണ്ടാം പരിഗണനാ ഗ്രൂപ്പിൽവരും. ഈ സ്ഥലങ്ങളിൽ ദേശീയ റിമോട്ട് സെൻസിംഗ് സെന്ററാണ് മാപ്പിംഗ് നടത്തുന്നത്.
1961 മുതൽ 2013 വരെ 270 പേരാണ് കേരളത്തിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചതെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പറയുന്നു. കുന്നുകളിലെ ചരിവുകൾ വെട്ടി നിരത്തുന്നതും ദുരന്ത സാദ്ധ്യതയുള്ള സ്ഥലത്ത് വികസന പ്രവർത്തനങ്ങളും കൃഷിയും നടത്തുന്നതുമാണ് പ്രശ്നമുണ്ടാക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ 67 വലിയ ഉരുൾപൊട്ടലുകളും നൂറുകണക്കിന് ചെറിയ തോതിലുള്ള ഉരുൾപൊട്ടലുകളും നടന്നിട്ടുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്രങ്ങളും ഇതിന് കാരണമാണ്. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ മാപ്പിംഗ് ഉപയോഗിച്ച് സംസ്ഥാന സർക്കാരിന് വിശദമായ ഭൂവിനിയോഗ നയമുണ്ടാക്കാനാവും. ഉത്തരാഖണ്ഡിലെ നൈനിറ്രാളിലും തമിഴ്നാട്ടിലെ നീലഗിരിയിലും ഈ മാപ്പിംഗ് ഉപയോഗിച്ചാണ് ഭൂവിനിയോഗം നടത്തിയത്.
ഭൂകമ്പ സാദ്ധ്യതയുള്ള ഉത്തരാഖണ്ഡിലെ ജനസംഖ്യ ചതുരശ്ര കിലോമീറ്ററിന് 189 മാത്രമാണെങ്കിൽ കേരളത്തിൽ ഇത് 860 ആണ്. അതിനാൽ, ചെറിയ ഉരുൾപൊട്ടലുകൾപോലും വലിയ ആൾനാശമുണ്ടാക്കുന്നു. 2013ൽ ഇടുക്കിയിൽ മാത്രം 145 ഉരുൾപൊട്ടലുകൾ ഉണ്ടായി. കേരളത്തിലെ ഭൂവിസ്തൃതിയായ 39,000 ചതുരശ്ര കിലോമീറ്രറിന് പത്ത് ഡിഗ്രിയിലധികം ചരിവുകളുള്ള കുന്നുകളുള്ളത് 19,000 ചതുരശ്ര കിലോമീറ്ററിലാണ്. മണ്ണിടിച്ചിൽ ഉണ്ടായത് 86 ശതമാനവും അതിന് സാദ്ധ്യതയുണ്ടെന്ന് മാപ്പിംഗിലൂടെ കണ്ടെത്തിയ സ്ഥലങ്ങളിലാണ്. ഓരോ സ്ഥലത്തും പശ്ചാത്തല വികസനം ഉൾപ്പെടെ നടത്തുമ്പോൾ അത് ഏത് തരത്തിലുള്ള ഭൂമിയാണെന്നത് മാപ്പിംഗിലൂടെ കണ്ടുപിടിക്കാനാവും.