flood

തിരുവനന്തപുരം: മഴ കുറഞ്ഞതുമൂലം വെള്ളം ഇറങ്ങിത്തുടങ്ങിയത് പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ കളക്ടർമാരുടെ വീഡിയോ കോൺഫറൻസിംഗിൽ വിലയിരുത്തി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കലാണ് ഇനിയുള്ള പ്രധാന പ്രവർത്തനം.

വെള്ളം ഇറങ്ങിയതിനാൽ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മാറിപ്പോകുകയാണ്. വയനാട്, മലപ്പുറം ജില്ലകളിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടർമാർ പറഞ്ഞു. അടിയന്തര സഹായത്തിന് സേനാവിഭാഗങ്ങൾ സജ്ജരാണ്‌.

എല്ലാ ജില്ലകളിലും വെള്ളപ്പൊക്കനിരപ്പ് നല്ല രീതിയിൽ കുറഞ്ഞുവരുന്നുണ്ട്. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപടികൾ എടുക്കുന്നുണ്ട്. പ്രത്യേക ജനറേ​റ്ററുകൾ സജ്ജീകരിച്ച് ടവറുകൾ ചാർജ് ചെയ്ത് മൊബൈൽ കണക്ടിവി​റ്റി ഉറപ്പാക്കിയിട്ടുണ്ട്.

ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണ്. ആലപ്പുഴ ജില്ലയിൽ ബണ്ടുകൾ മുറിഞ്ഞ് വെള്ളം കയറാതിരിക്കാൻ ജാഗ്രത തുടരാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. മന്ത്റി ഇ. ചന്ദ്രശേഖരനും വീഡിയോ കോൺഫറൻസിംഗിൽ പങ്കെടുത്തു.