puthu

തിരുവനന്തപുരം: പ്രവചനങ്ങൾക്കു വഴങ്ങാത്ത പെരുമഴക്കാലം, ഒരു മുഴക്കത്തിന്റെ മുന്നറിയിപ്പു പോലുമില്ലാതെ വാപിളർക്കുന്ന മലകൾ, സർവവും തുടച്ചെടുത്തു പായുന്ന മലവെള്ളം. പ്രകൃതിക്ഷോഭം എന്നത് അക്ഷരാർത്ഥത്തിൽ മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകളോടുള്ള പ്രകൃതിയുടെ ക്ഷോഭം തന്നെയായി മാറുന്ന 'കലികാലം.'

കേരളത്തിന്റെ കണ്ണീരായി മാറിയ പുത്തുമലയും കവളപ്പാറയും അപകടസാദ്ധ്യതയേറിയ സോൺ- ഒന്നിൽ ഉൾപ്പെട്ടതാണ്. ഇക്കാര്യം പറഞ്ഞ വിദഗ്ദ്ധരെ അന്നു പരിഹസിച്ചു. ദുരന്തക്കാഴ്ചകൾക്കു മുന്നിലിരുന്ന് കേരളം ചിന്തിക്കുന്നു- എന്താണ് പരിഹാരം? മലയോര കർഷകരെ ഒഴിപ്പിക്കുക അസാദ്ധ്യമാണെന്നിരിക്കെ, അവരുടെ താമസം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാൻ സർക്കാർ പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ക്രസ്റ്റൽ പ്രോസസ് മേധാവി ഡോ.വി.നന്ദകുമാർ 'കേരളകൗമുദി'യോടു പറഞ്ഞു.

ഭൂമിയുടെ നോവുകൾ

1) തീവ്രതയേറിയ മഴ

മഴദിനങ്ങൾ കുറഞ്ഞ്, മഴയ്ക്ക് തീവ്രത കൂടിയത് രണ്ടു വർഷമായുള്ള പ്രതിഭാസമാണ്. ചിതറിക്കിടക്കുന്ന മേഘങ്ങളായിരുന്നു മുൻകാലങ്ങളിൽ മഴ നൽകിയിരുന്നതെങ്കിൽ ഇപ്പോഴത് ഒരു കിലോമീറ്റർവരെ കനംവരുന്ന, കട്ടിയേറിയ മേഘങ്ങളാണ് അതിശക്തമായ മഴയ്ക്ക് കാരണം. മണ്ണിന് താങ്ങാവുന്നതിനും അപ്പുറമാണ് ഇത്. ഭൂമിക്കും കടലിനും ചൂടേറുന്നതുകൊണ്ട് നീരാവി കൂടുമെന്നതിനാൽ വരുംവർഷങ്ങളിലും ഇത്തരം മേഘങ്ങളും പ്രളയമഴയും പ്രതീക്ഷിക്കണം.

2) ചരിവിലെ നിർമ്മാണം

മലമുകളിൽ വീടുകളും കൃഷിയും അടിവാരങ്ങളിൽ സ്കൂളുകളും കോളേജുകളും സ്റ്റേഡിയവുമൊക്കെയാണ് വടക്കൻജില്ലകളിൽ. ചരിവിനു ചുറ്റിലും മലയിൽ നിന്ന് മണ്ണിടിയുമെന്നതു പരിഗണിക്കാതെയാണ് നിർമ്മാണം. 11 ഡിഗ്രിയിൽ അധികം ചരിവുള്ളിടത്ത് നിർമ്മാണം അനുവദിക്കരുത്.

3) വീടിനടിയിലെ ഉറവ

ചരിവുകളിലെ വീടുകൾക്കടുത്ത് റബർ തോട്ടമുണ്ടെങ്കിൽ മഴവെള്ളം ഊർന്നിറങ്ങും. വീടുകളുടെ അസ്തിവാരത്തിലോ പടികൾക്കടിയിലോ ഉറവകളുണ്ടാവും. തൃശൂർ, കണ്ണൂർ, വയനാട് ഭാഗത്ത് അടുത്തിടെ വ്യാപകമായ ഈ പ്രതിഭാസത്തിന് 'ലാറ്ററൽ ഫ്ലഡ്' എന്നാണ് പേര്.

4) റോഡ് നിർമ്മാണം

മലമുകളിലേക്ക് റോഡ് നിർമ്മിക്കുമ്പോൾ നീർച്ചാലുകൾ തടസപ്പെടുത്തുന്നത് മണ്ണിന്റെ ഘടന മാറ്റിമറിക്കും. ചിരട്ട കമിഴ്‌ത്തിയതുപോലുള്ള മലകളിലേക്ക് റിബൺ പോലെയാണ് റോഡ് നിർമ്മിക്കുന്നത്. നീർചാലുകൾ മുറിച്ച് തിരിച്ചുവിടരുത്. 30 ശതമാനത്തിലേറെ ചരിവുള്ളിടങ്ങളിൽ റോഡ് പാടില്ല.

5) ക്വാറികൾ

ശക്തമായ ഡൈനാമിറ്റ് ഉപയോഗിച്ചാണ് പാറപൊട്ടിക്കൽ. ക്വാറിയിംഗിന് ശാസ്ത്രീയരീതികൾ പിന്തുടരുന്നില്ല. ക്വാറികൾക്ക് നിയന്ത്രണങ്ങളില്ലാതെ അനുമതി നൽകുന്നു.

6) മഴക്കുഴികൾ

മണ്ണിന്റെ ഘടന പരിഗണിക്കാതെ വൻതോതിൽ മഴക്കുഴികളെടുക്കുന്നത് അശാസ്ത്രീയമാണ്. 70 ശതമാനം ചരിവുള്ള റബർതോട്ടത്തിൽപ്പോലും നിറയെ മഴക്കുഴികളാണ്. ഇതുവഴി വെള്ളം ഊർന്നിറങ്ങും. മണ്ണിനും പാറയ്ക്കുമിടയിൽ ചെളി അടിഞ്ഞ് ഇവ തമ്മിലുള്ള പിടിത്തം വിട്ടുപോകും.

പ്രകൃതിയുടെ മുന്നറിയിപ്പുകൾ

ഉരുൾപൊട്ടലിനും മലയിടിച്ചിലിനും മുന്നോടിയായി പ്രകൃതി നൽകുന്ന മുന്നറിയിപ്പുകളുണ്ട്. വലിയ ഉരുൾപൊട്ടലിനു മുന്നോടിയായി ചരിവുകളിൽ ഭൂമി വിണ്ടുകീറുന്ന 'ഗ്രൗണ്ട്‌ ക്രാക്ക്' ആണ് ഇതിലൊന്ന്. ചരിവുകളിൽ സ്വയമുണ്ടാവുന്ന പൈപ്പ് രൂപത്തിലുള്ള അഗാധമായ ചെറുകുഴികളാണ് മറ്റൊന്ന്. 'പൈപ്പിംഗ് പ്രതിഭാസം' എന്നു വിളിക്കുന്ന ഈ കുഴികളിലൂടെ വെള്ളം അതിവേഗം ഊർന്നിറങ്ങും. ഇവ നിരീക്ഷിക്കാൻ പ്രാദേശിക സേനകളുണ്ടാക്കണമെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രം ശുപാർശ ചെയ്തിട്ടുണ്ട്.