തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ ദുരന്തഭൂമിയിൽ നിന്ന് ഇന്നലെ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ പുറത്തെടുത്ത മൃതദേഹങ്ങൾ 15 ആയി. കവളപ്പാറ സുബ്രഹ്മണ്യന്റെ ഭാര്യ സുധയുടെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു പുരുഷന്റെയും മൃതദേഹങ്ങളാണ് ഇന്നലെ പുറത്തെടുത്തത്. ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച് 44 പേരെ കൂടി കവളപ്പാറയിൽ ഇനി കണ്ടെത്താനുണ്ട്. തെരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ ഇന്നലെയും തെരച്ചിൽ തുടർന്നു. പ്രദേശവാസികൾ നൽകുന്ന കണക്കുപ്രകാരം എട്ടു പേരെക്കൂടി ഇവിടെ കണ്ടെത്താനുണ്ട്. രണ്ടിടത്തുമായി ഇനി 49 മൃതദേഹങ്ങളാണ് കണ്ടെത്താനുള്ളത്.
ആലപ്പുഴ, എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ ശാന്തമായിരുന്നെങ്കിലും പുതിയ മുന്നറിയിപ്പ് ആശങ്കാജനകമാണ്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഇതിന് കാരണം.
ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരപ്രദേശങ്ങളിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുമെന്നും കടൽത്തിര 3.5 മീറ്റർ വരെ ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിലിറങ്ങരുത്.
9 ജില്ലകളിൽ ഇന്ന് അവധി
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളം ഇറങ്ങിത്തുടങ്ങി
കാലവർഷക്കെടുതി ബാധിച്ച ജില്ലകളിൽ വെള്ളം ഇറങ്ങി തുടങ്ങിയത് പ്രദേശവാസികൾക്ക് ആശ്വാസമായി. ചില ഭാഗങ്ങളിൽ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങി.1624 ക്യാമ്പുകളാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 84,216 കുടുംബങ്ങളിലെ 2,86,714 പേരാണ് ക്യാമ്പുകളിലുള്ളത്. 286 വീടുകളാണ് ഇതുവരെ പൂർണമായി തകർന്നത്. 2966 വീടുകൾ ഭാഗികമായും.
അപ്പർകുട്ടനാട് വെള്ളത്തിൽ
മഴയുടെ അളവിൽ നേരിയ കുറവുണ്ടായെങ്കിലും ആലപ്പുഴയിൽ അപ്പർകുട്ടനാട് മേഖല പൂർണമായും വെള്ളത്തിലാണ്. കിഴക്കൻവെള്ളത്തിന്റെ വരവാണ് പ്രധാന കാരണം. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. തലവടി, മേപ്രാൽ, നിരണം,എടത്വ പ്രദേശങ്ങളും വെള്ളക്കെട്ട് ദുരിതത്തിലാണ്.
കൂടുതൽ ട്രെയിൻ സർവീസുകൾ
കാസർകോട് ജില്ലയിൽ മഴ ഗണ്യമായി കുറഞ്ഞെങ്കിലും ചില്ലറ നാശനഷ്ടങ്ങൾ ഇന്നലെയുമുണ്ടായി. ബേക്കൽ കോട്ടയുടെ നിരീക്ഷണകേന്ദ്രത്തിന്റെ ഒരു ഭാഗം ഇന്നലെ ശക്തമായ മഴയിൽ തകർന്നുവീണു. മഴയുടെ ശൗര്യം കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട്-ഷൊർണൂർ റെയിൽപാത തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചു. മൂന്ന് ദിവസങ്ങളായി നിറുത്തിവച്ചിരുന്ന മാവേലി, മംഗലാപുരം, മലബാർ എക്സ്‌പ്രസുകൾ ഇന്നലെ സർവീസ് തുടങ്ങി.