നേമം: പ്രവാസിയായ സുഹൃത്തിന്റെ മടങ്ങിവരവ് ആഘോഷിക്കുന്നതിനിടെയുണ്ടായ അടിപിടിയ്ക്കിടയിൽ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കേസിനിടയാക്കിയ സംഭവം. നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡ്, ഹൗസ് നമ്പർ 142 ഉഷാ നിവാസിൽ ജിജീഷ് (44) ആണ് നേമം പൊലീസിൽ പരാതി നൽകിയത്. ഇയാളെ വെട്ടിയ സുഹൃത്ത് പളളിച്ചൽ ഇടയ്ക്കോട് കുന്നുവിളാകത്ത് വീട്ടിൽ പല്ലൻ രാജേഷ് എന്ന രാജേഷിനെ (34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ജിജീഷും രാജേഷും സുഹൃത്തുക്കളാണ്. തങ്ങളുടെ സംഘാംഗമായ സുഹൃത്തിന്റെ ഗൾഫിൽ നിന്നുളള മടങ്ങി വരവ് ആഘോഷിക്കാൻ ഇവർ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവ ദിവസം നേമം ഗണപതി കോവിലിനു സമീപത്തുളള ഒഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിക്കുന്നതിനിടെ, സുഹൃത്തുക്കൾ തമ്മിൽ വാക്കു തർക്കവും അടിപിടിയുമായി. ഇതിനിടെ വെട്ടുകത്തി ഉപയോഗിച്ച് രാജേഷ്, ജിജീഷിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തലയ്ക്ക് 5 തുന്നിക്കെട്ടലുകൾ വേണ്ടി വന്നു. രാജേഷിനെതിരെ നേമം സ്റ്റേഷനിൽ 7 കേസുളളതായി പൊലീസ് പറഞ്ഞു. സംഘത്തിനൊപ്പം ഇരുന്ന് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഒരാൾകൂടി ഉണ്ട്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. നേമം എസ്.ഐ സനോജിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.