വർക്കല: കാരുണ്യഹസ്തവുമായി വർക്കല-ശിവഗിരി റെയിൽവെസ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്റർ സി. പ്രസന്നകുമാർ പ്രളയദുരന്തമേഖലയിലെ കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകി. 30000രൂപയോളം വിലയുള്ള കുട്ടികളുടെ വസ്ത്രങ്ങളാണ് സ്വന്തം ചെലവിൽ വാങ്ങി അഡ്വ. വി.ജോയി എം.എൽ.എയ്ക്ക് കൈമാറിയത്. താലൂക്ക് ഓഫീസിലെ കളക്ഷൻ സെന്ററിലെത്തിച്ച വസ്ത്രങ്ങൾ വർക്കല തഹശീൽദാർ എ. വിജയന്റെ സാന്നിദ്ധ്യത്തിൽ അഡ്വ. വി. ജോയി എം.എൽ.എ ഏറ്റുവാങ്ങി. റവന്യൂ ഉദ്യോഗസ്ഥരായ വിമൽ ബാബു, ജി.കെ. സിന്ധു, കവിതാരാജ്, അർച്ചനാതമ്പി, വിജയകുമാർ, വർക്കല പ്രസ്ക്ലബ് ജോയിന്റ് സെക്രട്ടറി ലൈനകണ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ പ്രളയക്കെടുതിയിലും സ്വന്തമായി രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ദുരിതമേഖലയിൽ പ്രസന്നകുമാർ നേരിട്ടെത്തിച്ചിരുന്നു. വർക്കലയിലെ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലെ പ്രവർത്തകനാണ് ഇദ്ദേഹം. റെയിൽവെസ്റ്റേഷനിൽ യാത്രക്കാർക്ക് ഉതകുന്ന തരത്തിൽ പലവിധ സൗകര്യങ്ങൾ ഏർപെടുത്തുന്നതിലും ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. തന്റെ വരുമാനത്തിൽ നിന്നും ഒരുവിഹിതം ഇത്തരം പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം മാറ്റിവയ്ക്കുന്നുണ്ട്.