building

കിളിമാനൂർ: ഓട്ടിസം, ബുദ്ധിമാന്ത്യം എന്നിവ സംഭവിച്ച കുട്ടകളെ വീടുകളിൽ തനിച്ചാക്കി സ്വന്തം ആവശ്യങ്ങൾക്ക് പോകാൻ പേടിയാണ്. എന്നാൽ നിർദ്ധനാരായ കൂലിപ്പണിചെയ്ത് ജീവിക്കുന്ന രക്ഷിതാക്കൾക്ക് അസുഖബാധിതരായ കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാനോ അവർക്ക് വേണ്ട പരിചരണം നൽകാനൊ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഈ അവസ്ഥ പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഉണ്ടാകില്ല. കാരണം, അവർക്കായി ഉയരുകയാണ് മണ്ഡലത്തിലെ തന്നെ ആദ്യ മാതൃകാ ബഡ്സ് സ്കൂൾ. പകൽ സമയങ്ങളിൽ രക്ഷിതാക്കൾക്ക് അവരുടെ തൊഴിലുകൾക്കും ആവശ്യക്കൾക്കും പോകുമ്പോൾ ഒരു പകൽ വീട് പോലെ സുരക്ഷിതത്വവും സംരക്ഷണവും ഈ ബഡ്സ് സ്കൂൾ നൽകും. നിർദ്ധനരായ രക്ഷിതാക്കളുടെ ദയനീയാവസ്ഥയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ ആവശ്യപ്രകാരം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ ബഡ്സ് സ്കൂൾ നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്ന നിലവിലുള്ള കെട്ടിടം മാറ്റി പുതിയ കെട്ടിടം നിർമ്മിക്കും.