വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് നാലുവരിപ്പാതയുടെ കോവളത്തെ പണി പൂർത്തിയാകുന്നതോടൊപ്പം ആശങ്കയുമേറുകയാണ്. റോഡ് ഉടൻ തുറന്നു നൽകുമെങ്കിലും കോവളം ജംഗ്ഷനിലെ അശാസ്ത്രീയ നിർമ്മാണം ഗതാഗത കുരുക്കിന് കാരണമാകുമെന്നാണ് ആശങ്ക. സഞ്ചാരത്തിനായി റോഡ് തുറന്നുകൊടുക്കുന്നതോടെ കോവളം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് വർദ്ധിക്കും. ഇവിടെ റോഡ് ക്രോസ് ചെയ്യാൻ കാൽനടയാത്രക്കാർക്കും കഴിയില്ല. കോവളം ജംഗ്ഷനിൽ അണ്ടർ പാസേജ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളാർ മുതൽ കോവളം ജംഗ്ഷൻ വരെയുള്ള സർവീസ് റോഡ് നിർമ്മാണവും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മീറ്ററുകൾ ഉയരമുള്ള സർവീസ് റോഡിലൂടെ വാഹന ഗതാഗതം അസാദ്ധ്യമാണെന്നാണ് പരാതി. കോവളം ജംഗ്ഷനിൽ നിന്ന് കെ.എസ്.റോഡിലേക്കുള്ള സർവീസ് റോഡിന്റെ ഭിത്തിയിൽ ഇപ്പോൾ ചെറിയ കമ്പിവല ഉപയോഗിച്ചാണ് കോൺക്രീറ്റ് നടത്തുന്നത്. ഇത് ബലക്കുറവാണെന്നും ഇവിടെ കോൺക്രീറ്റ് ഭിത്തി നിർമിച്ച് സർവീസ് റോഡിനെ ബലപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇവിടെ വെള്ളം അടിയിലൂടെ ഒഴുകി നാലുവരി പാതയിൽ ഇറങ്ങുകയാണ്. അടിയിൽ വെള്ളം ഉള്ളതിനാൽ വലിയ വാഹനങ്ങൾ കയറുമ്പോൾ സർവീസ് റോഡ് ഇടിയുമോ എന്ന ആശങ്കയുമുണ്ട്. വലുതും ചെറുതുമായ എട്ടോളം റോഡുകൾ വന്നുചേരുന്ന കോവളം ജംഗ്ഷനിൽ അപകടങ്ങൾ വർദ്ധിക്കാനും സാദ്ധ്യത കൂടുതലാണ്. ബൈപ്പാസ് റോഡിന്റെ കല്ലുവെട്ടാൻകുഴി പോറോഡ് ഭാഗത്തെ സർവീസ് റോഡ് നിർമ്മാണവും അനിശ്ചിതത്വത്തിലാണ്. പോ റോഡ് ഭാഗത്ത് പാലം നിർമ്മിച്ചാണ് നാലുവരിപ്പാത നിർമ്മിക്കുന്നത്. എന്നാൽ പാലത്തിന്റെ ഇരുവശങ്ങളിലും സർവീസ് റോഡ് നിർമ്മാണം നിലച്ചിരിക്കുകയാണ്. താത്കാലികമായി സർവീസ് റോഡിനെ നാലുവരിപ്പാതയുമായി ബന്ധിപ്പിച്ചെങ്കിലും നാലുവരിപ്പാത തുറക്കുന്നതോടെ ഇവിടെ അപകടങ്ങൾ വർദ്ധിക്കും.