തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കി വിശ്വാസികൾ ഇന്നലെ ബലിപെരുന്നാൾ ആഘോഷിച്ചു. വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും രാവിലെ ഏഴു മുതൽ പ്രത്യേക പ്രാർത്ഥനയും പെരുന്നാൾ നമസ്‌കാരവും നടന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടമൊഴിവാക്കിയാണ് പലയിടത്തും ബക്രീദ് ആഘോഷം നടന്നത്. മഹല്ല് കമ്മിറ്റികൾക്ക് കീഴിലും ഒറ്റയ്ക്കും പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ബലികർമം നടന്നു. പാളയം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ രാവിലെ 7.30ന് നടന്ന പെരുന്നാൾ നമസ്‌കാരത്തിന് ഇമാം വി.പി. സുഹൈബ് മൗലവി നേതൃത്വം നൽകി. വള്ളക്കടവ് മുസ്ലിം ജമാഅത്തിൽ നടന്ന നമസ്‌കാരത്തിന് ചീഫ് ഇമാം ഹാഫിസ് പി.എച്ച്. അബ്ദുൾഗഫാർ മൗലവി നേതൃത്വം വഹിച്ചു. മണക്കാട് വലിയപള്ളി, മണക്കാട് സെൻട്രൽ ജുമാമസ്ജിദ്, പേട്ട, ശാസ്‌തമംഗലം, അട്ടക്കുളങ്ങര, ചാല, തമ്പാനൂർ, വഴുതക്കാട്, കരമന, കല്ലാട്ടുമുക്ക്, പേരൂർക്കട, മെഡിക്കൽകോളേജ്, പൂന്തുറ പുത്തൻപള്ളി, കേശവദാസപുരം, ശ്രീകാര്യം, വട്ടിയൂർക്കാവ്, ബീമാപള്ളി തുടങ്ങിയ ദേവാലയങ്ങളിൽ അതത് ജമാഅത്തുകളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും നമസ്‌കാരവും നടന്നു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ജില്ലാ ഈദ്ഗാഹിൽ മൗലവി അർഷദ് അൽഹികമി താനൂർ ഈദ് സന്ദേശം നൽകി. ആറ്റിങ്ങൽ ആലംകോട് ചാത്തമ്പാറ, വർക്കല റാത്തിക്കൽ മൈതാനം, കണിയാപുരം തോന്നയ്ക്കൽ പഞ്ചായത്ത് ഗ്രൗണ്ട്, പാലോട് കൊല്ലായിൽ കാഞ്ഞിരത്തുമൂട് നിത്യശ്രീ ആഡിറ്റോറിയം എന്നിവിടങ്ങളിലും ഈദ്ഗാഹുകൾ നടന്നു.