നെടുമങ്ങാട്: മഴയിലും കാറ്റിലും അരുവിക്കര പഞ്ചായത്തിലെ കൊക്കോതമംഗലം കുറിഞ്ചിലക്കോട് ഏലായിൽ വ്യാപക കൃഷിനാശം. മുന്നൂറിലേറെ കുലച്ച വാഴകൾ ഒടിഞ്ഞുവീണു. പാട്ടക്കർഷകർ ഉൾപ്പടെ പത്തോളം പേരാണ് ഈ ഏലായിൽ വാഴക്കൃഷി ചെയ്‌തിരുന്നത്. 50 സെന്റ് സ്ഥലത്ത് പാട്ടക്കൃഷി ചെയ്‌തിരുന്ന കളത്തറ ചേപ്പള്ളിനടയിൽ ആൽബർട്ട്, കുറിഞ്ചിലക്കോട് രോഹിണി നിവാസിൽ ശശികുമാർ എന്നിവരുടെ വിളകളാണ് കൂടുതലായി നശിച്ചത്. സഹകരണ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത് കൃഷിയിറക്കിയവരാണ് ഭൂരിഭാഗം പേരും. ആൽബർട്ട് ഉൾപ്പടെ കർഷകർ പലരും വാഴക്കൃഷി ഇൻഷ്വറൻസ് ചെയ്‌തിട്ടുമില്ല. അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കിസാൻസഭ മണ്ഡലം സെക്രട്ടറിയുമായ വി. വിജയൻനായരുടെ നേതൃത്വത്തിൽ കൃഷി ഓഫീസ് ജീവനക്കാർ കൃഷിനാശം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. പ്രകൃതിക്ഷോഭത്തിൽ വാഴക്കൃഷി നശിച്ചവരുടെ ബാങ്ക് വായ്‌പ സർക്കാർ വഹിക്കണമെന്ന് കിസാൻസഭ അരുവിക്കര മണ്ഡലം സെക്രട്ടറി വി. വിജയൻ നായരും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഡോ. എസ്. യോഹന്നാനും ആവശ്യപ്പെട്ടു.